ഇംഗ്ലീഷ് അറിയാത്ത ഞാന്‍ എന്താ ചെയ്യുക എന്ന് ചോദിച്ചിരുന്നു.. കഥ പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു പോയി: മോളി കണ്ണമാലി

‘ടുമോറോ’ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് നടി മോളി കണ്ണമ്മാലി. ജോയ് കെ. മാത്യു ആണ് ചിത്രം ഒരുക്കുന്നത്. തന്റെ അഭിനയ ജീവിതത്തില്‍ ആദ്യമായാണ് ഒരു സംവിധായകന്‍ തന്നോട് സിനിമയുടെ കഥ പറയുന്നത് എന്നാണ് മോളി കണ്ണമാലി പറയുന്നത്.

പത്തു പതിനാല് വര്‍ഷമായി താന്‍ സിനിമയില്‍ വന്നിട്ട്, ജോയിയെ വര്‍ഷങ്ങളായി അറിയാം. ഒരു ദിവസം വീട്ടിലേക്ക് വന്നപ്പോള്‍ നമുക്ക് ഒരു സിനിമ ചെയ്താലോന്ന് ചോദിച്ചു. പിന്നെ അവന്‍ തന്നോട് ഇതിന്റെ കഥ പറയുകയായിരുന്നു. ഇത്രയും കാലം സിനിമയില്‍ അഭിനയിച്ചിട്ട് ഒരു ഡയറക്ടറും തന്നോട് കഥ പറഞ്ഞിട്ടില്ല.

അവന്‍ കഥ പറയുകയും അഭിനയിച്ച് കാണിച്ചു തരുകയും ചെയ്തു. അറിയാതെ തന്റെ കണ്ണ് നിറഞ്ഞു. അതില്‍ അവസാനം പറഞ്ഞ വാക്കുകള്‍ തന്റെ ജീവിതവുമായി സാമ്യമുള്ളതായിരുന്നു. എങ്ങനെയുണ്ട് ചേച്ചി എന്ന് ചോദിച്ചപ്പോള്‍ ഭയങ്കര ഇഷ്ടമായെന്ന് താന്‍ പറഞ്ഞു. ആ സിനിമയിലും തനിക്ക് ഒരു മീന്‍ കച്ചവടക്കാരിയുടെ വേഷമാണ്.

ഇത് മലയാളം പടമല്ലെന്നും വേറെ ഭാഷയിലുള്ള ചിത്രമാണെന്നും ചേച്ചിയെ വേറെ ലെവലിലേക്ക് കൊണ്ടു പോകുകയാണെന്നും അപ്പോഴാണ് അവന്‍ പറയുന്നത്. ഷൂട്ടിംഗിന് ചെന്നപ്പോള്‍ താന്‍ മുണ്ടും ബൗസും ആണ് ധരിച്ചത്. നോക്കുമ്പോള്‍ മന്ത്രിയൊക്കെ വന്നിട്ടുണ്ട്. ശരിക്കും വന്നത് ഏത് മന്ത്രിയാണെന്ന് അറിയില്ല.

സ്റ്റേജില്‍ ദീപം തെളിയിക്കുന്നതിന് മുമ്പ് ജോയ് പറഞ്ഞത് തന്നെ കുറിച്ചാണ്. ഈ സിനിമയില്‍ ചേച്ചിക്ക് അവാര്‍ഡ് വാങ്ങിക്കൊടുത്തിട്ടെ അടങ്ങുകയുള്ളുവെന്ന് അവന്‍ പറഞ്ഞു. ഇതുവരെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാത്ത താന്‍ എന്താ ചെയ്യുകയെന്ന് അവനോട് ചോദിച്ചിരുന്നു.

Read more

ഇപ്പോള്‍ ചേച്ചി മലയാളം പറഞ്ഞാല്‍ മതി. ഡബ്ബ് ചെയ്യുമ്പോളാണ് ഇംഗ്ലീഷ് വേണ്ടതെന്നും അതൊക്കെ തന്നെ കൊണ്ട് തന്നെ ചെയ്യിക്കുമെന്നും അവന്‍ പറഞ്ഞു എന്നാണ് മോളി കണ്ണമാലി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.