ഡയലോഗ് പകുതി പറഞ്ഞ ശേഷം മമ്മൂക്ക തല കുമ്പിട്ട് ഏങ്ങി കരയുകയാണ്, ഒടുവില്‍ അദ്ദേഹം തന്നെ കട്ട് പറഞ്ഞു; ഹിറ്റ് സിനിമയ്ക്ക് പിന്നില്‍, മുകേഷ് പറയുന്നു

2007ല്‍ എത്തിയ ‘കഥ പറയുമ്പോള്‍’ സിനിമയ്ക്ക് പിന്നിലെ കഥ പറഞ്ഞ് മുകേഷ്. ക്ലൈമാക്‌സില്‍ മലയാളി പ്രേക്ഷകരെ കരയിപ്പിച്ച സിനിമയാണ് കഥ പറയുമ്പോള്‍. സിനിമയില്‍ അതിഥി വേഷത്തില്‍ എത്തിയ മമ്മൂട്ടി പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത് എന്നാണ് മുകേഷ് പറഞ്ഞത്. ക്ലൈമാക്‌സ് സീനില്‍ സ്‌കൂളില്‍ എത്തി അശോക് രാജ് പ്രസംഗിക്കുന്ന രംഗം അഭിനയിച്ചപ്പോള്‍ മമ്മൂട്ടി പോലും കരയുകയായിരുന്നു. അതുകൊണ്ട് ഒരു ദിവസം എടുത്താണ് ആ സീന്‍ തീര്‍ത്തതെന്നും മുകേഷ് പറയുന്നു.

മുകേഷിന്റെ വാക്കുകള്‍:

എറണാകുളത്ത് ഒരു വിവാഹ ആഘോഷം നടക്കുന്നതിനിടെയാണ് ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിന്റെ കഥ ശ്രീനിവാസന്‍ എന്നോടു പറയുന്നത്. അദ്ദേഹം എന്നെ മാറ്റി നിര്‍ത്തി പറഞ്ഞു, ‘നീ മുന്‍പ് ഒരിക്കല്‍ സിനിമ നിര്‍മിക്കുന്ന കാര്യം പറഞ്ഞില്ലേ. അത് നമുക്ക് ഒരുമിച്ച് ഇപ്പോള്‍ നിര്‍മിച്ചാലോ. സിനിമ വിജയിച്ചേക്കും എന്നു തോന്നുന്നു. എല്ലാം നീ നോക്കണം, നമ്മുടെ കാശ് അധികം പോകരുത്’. ഇപ്പൊത്തന്നെ ഇറങ്ങുകയാണെന്ന് ഞാനും പറഞ്ഞു. നിനക്ക് കഥ കേള്‍ക്കേണ്ടേ എന്ന് ശ്രീനിവാസന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു ‘നിന്റെ കഥയല്ലേ, എനിക്ക് കേള്‍ക്കണമെന്നില്ല’. ‘കഥ കേട്ടിട്ട് നിന്റെ പ്രതികരണം കണ്ടിട്ടു മതി ഈ കഥയുമായി മുന്നോട്ടു പോകുന്നത്. നിന്റെ വിലയിരുത്തല്‍ എനിക്കു വേണം’ എന്ന് ശ്രീനിവാസന്‍ പറഞ്ഞു.

അങ്ങനെ ആ ഹോട്ടലിലിന്റെ ഓരത്തു നിന്ന് അദ്ദേഹം ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിന്റെ കഥ പറഞ്ഞു. കഥ കേട്ടിട്ട് ഞാന്‍ കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞു. പുള്ളി എന്നെ ചേര്‍ത്തു പിടിച്ചു. എന്നിട്ട് ക്ലൈമാക്സിലെ ഡയലോഗ് തന്നെ അവിടെ നിന്നു പറഞ്ഞു. കണ്ണ് തുടച്ചിട്ട് ഞാന്‍ പറഞ്ഞു, ‘നഷ്ടം വന്നാലും ലാഭം വന്നാലും കൂട്ടുകാരായ നമ്മള്‍ എടുക്കേണ്ടത് സൗഹൃദത്തിന്റെ ഈ കഥ തന്നെയാണ്’. ശ്രീനിവാസന്‍ എന്റെ കയ്യില്‍ മുറുകെ പിടിച്ചു. ചെറിയൊരു പ്രശ്‌നമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഇതിന്റെ സംവിധാനം ആദ്യം തന്നെ തീരുമാനിച്ചിട്ടുണ്ട്. എന്റെ അളിയന്‍ എം. മോഹനന്‍ ആണ് ഇത് ചെയ്യുന്നത്, ഇനി അയാളെ മാറ്റിയാല്‍ കുടുംബ പ്രശ്‌നം ഉണ്ടാകും’. ഞാന്‍ പറഞ്ഞു, ”അയാളെ മാറ്റിയാല്‍ ഞാന്‍ പ്രശ്‌നം ഉണ്ടാക്കും. ഇത് മോഹനന്‍ സംവിധാനം ചെയ്യുന്നു. ശ്രീനി അഭിനയിക്കുന്നു”. അങ്ങനെ അവിടെ വച്ച് സിനിമ തീരുമാനിച്ചുറപ്പിച്ചു പോകുന്നു.

ചിത്രത്തില്‍ ഒരു അതിഥിവേഷമുണ്ട്. അതിഥി വേഷം മമ്മൂക്ക തന്നെ ചെയ്യണം. ഞങ്ങള്‍ മമ്മൂക്കയുടെ വീട്ടില്‍ കഥ പറയാന്‍ പോയി. മമ്മൂക്കയും ഭാര്യയും അവിടെയുണ്ട്. ഞങ്ങളായതു കൊണ്ട് മമ്മൂക്കയുടെ ഭാര്യ അവിടെത്തന്നെ നിന്നു. ഞങ്ങളാണ് ഈ സിനിമ നിര്‍മിക്കുന്നതെന്ന് മമ്മൂക്ക സുല്‍ഫത്തിനോട് പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു, ‘ശ്രീനി, കീഴ്വഴക്കം അനുസരിച്ച് ആ കഥ അങ്ങോട്ട് പറ’. മമ്മൂക്ക പറഞ്ഞു ‘കീഴ്വഴക്കം അനുസരിച്ച് ആ കഥ പറയണ്ട’. ഞാന്‍ ചോദിച്ചു ‘അതെന്താണ്?’. അദ്ദേഹം പറഞ്ഞു ‘ശ്രീനിയുടെ കഥയില്‍ എനിക്ക് വിശ്വാസമാണ്, മാത്രമല്ല പല സന്ദര്‍ഭങ്ങളിലും കഥ പറഞ്ഞിട്ടുമുണ്ട്, കഥ പറഞ്ഞ് നിങ്ങള്‍ സമയം കളയേണ്ട. എനിക്കതിനുള്ള സമയവും ഇല്ല, ഞാന്‍ എന്നു വരണം എന്നുമാത്രം പറഞ്ഞാല്‍ മതി’. ഞാന്‍ പറഞ്ഞു, ‘മമ്മൂക്കയുടെ പ്രതിഫലം പറഞ്ഞ് ഞങ്ങളെക്കൊണ്ടു താങ്ങുമെങ്കില്‍ മാത്രമേ ചെയ്യുന്നുള്ളൂ. എത്രയാണെങ്കിലും പറഞ്ഞോളൂ. ബാര്‍ബര്‍ ബാലനാണ് ഇതിലെ ഹീറോ, അങ്ങയുടേത് ഫുള്‍ ലെങ്ത് വേഷം അല്ല. സൂപ്പര്‍ സ്റ്റാറിന്റെ റോളിന് അഞ്ചു ദിവസം മാത്രം മതി. അതിനു ഞങ്ങള്‍ എന്തു തരണം. ഏതൊക്കെ റൈറ്റ്‌സ് തരണം, ഞങ്ങള്‍ എത്ര അഡ്വാന്‍സ് തരണം.’

ഞാന്‍ നോക്കിയപ്പോള്‍, അത് കേട്ടുകൊണ്ട് ഞങ്ങളേക്കാള്‍ ടെന്‍ഷനായിട്ട് അദ്ദേഹത്തിന്റെ ഭാര്യ നില്‍ക്കുകയാണ്. അപ്പോള്‍ മമ്മൂക്ക എഴുന്നേറ്റ് ഞങ്ങള്‍ രണ്ട് പേരെയും തോളില്‍ കയ്യിട്ട് പറഞ്ഞു, ‘ഈ പടം ഞാന്‍ ഫ്രീ ആയി അഭിനയിക്കുന്നു’. ഞാന്‍ പറഞ്ഞു, ‘തമാശ പറയേണ്ട സമയം അല്ല മമ്മൂക്ക. ജീവന്മരണ പോരാട്ടമാണ്, ഞങ്ങള്‍ നിര്‍മാതാക്കള്‍ ആകുമോ എന്ന് ഇപ്പൊ തീരുമാനിക്കണം’. അദ്ദേഹം പറഞ്ഞു, ‘എടാ, നിങ്ങളുടെ അടുത്ത് നിന്ന് ഞാന്‍ കാശ് മേടിക്കാനോ, എത്ര കൊല്ലമായി നമ്മള്‍ ഒന്നിച്ച് നില്‍ക്കുന്നതാണ്. ഞാനെന്റെ അഞ്ച് ദിവസം ഫ്രീ ആയി നിങ്ങള്‍ക്ക് തരുന്നു, ഡേറ്റ് പറഞ്ഞാല്‍ മാത്രം മതി’. ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് മമ്മൂക്കയുടെ ഭാര്യ പുറകിലൂടെ വന്ന് മമ്മൂക്കയെ കെട്ടിപ്പിടിച്ചു. അവര്‍ ടെന്‍ഷനില്‍ ആയിരുന്നു. വലിയ റേറ്റ് ഒക്കെ പറഞ്ഞിട്ട് ഞങ്ങള്‍ക്ക് താങ്ങില്ല എന്ന് പറഞ്ഞാലുണ്ടാകുന്ന വിഷമ സാഹചര്യം അഭിമുഖീകരിക്കാന്‍ പറ്റാത്തതിലുള്ള ടെന്‍ഷനില്‍ നില്‍ക്കുകയായിരുന്ന അവര്‍ പറഞ്ഞു ”ഇച്ചാക്കാ നന്നായി.” ‘കഥ പറയുമ്പോള്‍’ സിനിമയേക്കാള്‍ വലിയ കുടുംബ നിമിഷം ആയിരുന്നു അത്. ഞങ്ങളുടെ എല്ലാവരുടെയും കണ്ണ് നിറഞ്ഞു. കൈ കൊടുത്ത് ഭക്ഷണവും കഴിച്ച് അവിടം വിട്ടു. തുടര്‍ന്ന് ഞങ്ങള്‍ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലേക്കു കടന്നു.

അങ്ങനെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്ന ദിവസമെത്തി. കഥയും കാര്യങ്ങളുമുണ്ടെങ്കിലും ആ ദിവസം രാവിലെ എഴുന്നേറ്റ് സീന്‍ എഴുതുന്ന ശീലം ശ്രീനിവാസനുണ്ട്. അങ്ങനെ സ്‌കൂളിലെ മമ്മൂട്ടിയുടെ ഡയലോഗ് ഉള്ള ക്ലൈമാക്‌സ് സീന്‍ എഴുതി എനിക്കു വായിക്കാന്‍ തന്നു. സീന്‍ വായിച്ച ഞാനൊന്ന് ഞെട്ടി. സത്യത്തില്‍ ഈ സീന്‍ മതി. പക്ഷേ അന്ന് ആ കല്യാണത്തിന്റെ സമയത്ത് എന്നെ ചേര്‍ത്തുനിര്‍ത്തി ശ്രീനി പറഞ്ഞ സീന്‍ ഇതല്ലായിരുന്നു. ഞാനത് ശ്രീനിയോടും പറഞ്ഞു. ‘നീ ഇങ്ങ് വന്നേ’ എന്നു പറഞ്ഞ് ശ്രീനിയെന്നെ റൂമിലേക്കു കൊണ്ടുപോയി. അന്ന് നീ എന്താ കേട്ടതെന്ന് ശ്രീനി എന്നോട് ചോദിച്ചു. ഞാനപ്പോള്‍ ബാലന്‍ കടുക്കന്‍ വിറ്റ പൈസ കൊണ്ട് അശോക് കുമാറിനെ സഹായിച്ച കഥയൊക്കെ പറഞ്ഞു. കടുക്കന്‍ പ്രയോഗമൊന്നും ഇപ്പോള്‍ എഴുതിയ സീനില്‍ ഇല്ലായിരുന്നു. അത് കുറച്ച് പൈങ്കിളി ആയിപ്പോകില്ലേ എന്നായിരുന്നു ശ്രീനിയുടെ സംശയം. ഞാന്‍ പറഞ്ഞു ‘അതാണ് മലയാളികള്‍ക്കു വേണ്ടത്. ഒരു സിനിമാസ്വാദകന്‍ എന്ന നിലയില്‍ എന്റെ കണ്ണ് നിറഞ്ഞിരുന്നു. നിങ്ങളുടേതായ രീതിയില്‍ ഇത് മാറ്റി എഴുതൂ’.

അങ്ങനെ ശ്രീനി റൂമില്‍ പോയി സീന്‍ മുഴുവന്‍ മാറ്റിയെഴുതി. പുതിയ സീന്‍ വായിച്ചിട്ട് ഞാനവിടെ വച്ച് കരഞ്ഞു. മമ്മൂക്ക സെറ്റില്‍ വരുന്നു, ക്യാമറ ഫിക്‌സ് ചെയ്തു. ഡയലോഗ് പറയുന്നു. രണ്ടാമത്തെ ഡയലോഗ് പകുതി പറഞ്ഞശേഷം മമ്മൂക്ക തല കുമ്പിട്ട് ഏങ്ങി കരയുകയാണ്. അവസാനം മമ്മൂക്ക തന്നെ ക്യാമറയില്‍ നോക്കി കട്ട് പറഞ്ഞു. ഈ സീന്‍ എത്ര ടേക്ക് പോയാലും ഒരു കുഴപ്പവുമില്ലെന്നായിരുന്നു ക്യാമറാമാനുമായി ഞങ്ങള്‍ എടുത്ത തീരുമാനം. അവിടെ ഈ സീനിന്റെ പിന്നിലെ കഥകളൊന്നും അറിയാതെ വന്നിരിക്കുന്നവരാണ് അവിടെയുള്ള നാട്ടുകാരായ ഓഡിയന്‍സ്. അവരെല്ലാം മമ്മൂക്കയുടെ ഈ ഡയലോഗ് കേട്ട് കരയുകയാണ്. ഈ ഒരൊറ്റ സീനില്‍ ഈ സിനിമ സൂപ്പര്‍ ഹിറ്റാണെന്ന് ഞാന്‍ ശ്രീനിയോട് പറഞ്ഞു. സാധാരണ മമ്മൂക്കയുടെ റേഞ്ച് വച്ച് രണ്ടോ മൂന്നോ മണിക്കൂര്‍കൊണ്ട് തീര്‍ക്കേണ്ട സീന്‍ വൈകിട്ട് ആണ് ഷൂട്ട് ചെയ്ത് തീര്‍ത്തത്. ഡയലോഗ് പറഞ്ഞ് തീര്‍ത്തിട്ടും അദ്ദേഹം വിങ്ങുകയായിരുന്നു. അതാണ് സൗഹൃദത്തിന്റെ ശക്തി. അതുകൊണ്ടാണ് എല്ലാ ഭാഷകളിലും ഈ ചിത്രം റീമേക്ക് ചെയ്തത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം