സെന്‍സര്‍ ബോര്‍ഡ് ഭരണപ്പാര്‍ട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ട് ഉറപ്പിക്കാനുള്ള പണിയായുധമായി; ഇത് പൗരനിന്ദയുടെ ഒരു ഉത്തമ ദൃഷ്ടാന്തമെന്ന് മുരളി ഗോപി

സിദ്ധാര്‍ഥ് ശിവ ചിത്രം “വര്‍ത്തമാന”ത്തിന് പ്രദര്‍ശനാനുമതി നിരസിച്ച വിഷയത്തില്‍ പ്രതികരിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സെന്‍സര്‍ ബോര്‍ഡിനെതിരെ വിമര്‍ശനവുമായാണ് മുരളി ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സെന്‍സര്‍ ബോര്‍ഡിനെ ഭരണപ്പാര്‍ട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ എന്ന് താരം പറയുന്നു.

മുരളി ഗോപിയുടെ കുറിപ്പ്:

സെന്‍സര്‍ ബോര്‍ഡിനെ ഭരണപ്പാര്‍ട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ. രാജ്യസ്‌നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിര്‍വചനത്തില്‍ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകള്‍ അല്ല.

അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട ഉത്തരവാദിത്വം ഇവിടത്തെ ഓരോ കലാകാരനും കലാകാരിയ്ക്കും ഉണ്ട്. സെന്‍സര്‍ഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണ്. ഒരു ജനാധിപത്യത്തില്‍ അത് ഒരു ശീലമായി മാറിയെങ്കില്‍, അതിന്റെ അര്‍ത്ഥം ജനാധിപത്യം പരാജയപ്പെട്ടു എന്ന് തന്നെയാണ്.

പതിനെട്ട് വയസ്സു തികഞ്ഞ ഒരു മനുഷ്യന് രാഷ്ട്രീയത്തിലെ നല്ലതും ചീത്തയും കണ്ടും കെട്ടും മനസ്സിലാക്കി സമ്മതിദാനം നടത്താനുള്ള അവകാശവും അവബോധവും ഉണ്ടെന്ന് ഇവിടത്തെ നിയമവ്യവസ്ഥ അനുശാസിക്കുന്നുണ്ടെങ്കില്‍, അവന്/അവള്‍ക്ക് മുന്നില്‍ വരുന്ന ഒരു സിനിമയിലും അത് തിരിച്ചറിയുവാനുള്ള കഴിവും ബുദ്ധിയും ഉണ്ടെന്ന് സമ്മതിച്ചുതന്നേ മതിയാകൂ. ഇല്ലാത്തപക്ഷം, ഇത് പൗരനിന്ദയുടെ ഒരു ഉത്തമ ദൃഷ്ടാന്തം ആയി തന്നെ നിലനില്‍ക്കും.

Read more