ഇന്ദ്രൻസിന് കുടക്കമ്പി പോലെയുള്ള വേഷങ്ങൾ മാത്രമേ ചെയ്യാൻ പറ്റുള്ളുവെന്ന വിചാരമാണ് ബോഡി ഷെയ്മിങ്: മുരളി ഗോപി

മാധ്യമപ്രവർത്തനത്തിൽ നിന്നും സിനിമയിലേക്കെത്തി ഇപ്പോൾ നടനും, തിരക്കഥാകൃത്തുമായി തിളങ്ങി നിൽക്കുന്ന താരമാണ് മുരളി ഗോപി. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘എമ്പുരാൻ’ ആണ് മുരളി ഗോപി തിരക്കഥയെഴുതുന്ന ഏറ്റവും പുതിയ ചിത്രം. ഇന്ദ്രൻസ്, മുടലി ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ‘കനകരാജ്യം’ ആണ് മുരളി ഗോപി വേഷമിടുന്ന ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ പൊളിറ്റിക്കൽ കറക്റ്റ്നെസിനെ കുറിച്ചും, ബോഡിഷെയ്മിംഗിനെ കുറിച്ചുമുള്ള തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുരളി ഗോപി. പൊളിറ്റിക്കൽ കറക്റ്റ്നെസ്’ എന്നത് ഭയപ്പെടുത്തുന്ന രീതിയിലാണ് ചിലർ ഇപ്പോൾ ഉപയോഗിക്കുന്നതെന്നാണ് മുരളി ഗോപി പറയുന്നത്.
ഇന്ദ്രൻസിന് കുടക്കമ്പി പോലെയുള്ള വേഷങ്ങൾ മാത്രമേ ചെയ്യാൻ പറ്റുള്ളുവെന്ന വിചാരമാണ് യഥാർത്ഥത്തിൽ ബോഡി ഷെയ്മിംഗെന്ന്  മുരളി ഗോപി പറയുന്നു.

“പൊളിറ്റിക്കൽ കറക്റ്റ്നെസ്’ എന്നത് ഭയപ്പെടുത്തുന്ന രീതിയിലാണ് ചിലർ ഇപ്പോൾ ഉപയോഗിക്കുന്നത്. അത് വളരെ മോശമായിട്ടുള്ള ഒരു കാര്യമാണ്. ഇതൊന്നും എക്കാലത്തേക്കുമുള്ളതല്ല, ഈ കാലം മാറും. കാരണം പൊളിറ്റിക്കൽ കറക്റ്റ്നെസിന്റെ വക്താക്കൾ സംസാരിക്കുന്നത് കണ്ടാൽ ഏകാധിപതികൾ സംസാരിക്കുന്നത് പോലെയാണ്. അത് പറയാൻ പറ്റില്ല ഇത് പറയാൻ പറ്റില്ല എന്നുപറഞ്ഞു മനുഷ്യനെ തടയാനാവില്ല. മനുഷ്യന്റെ നേച്ചറിലുള്ള കാര്യങ്ങൾ വലിയൊരു പാറക്കെട്ട് വെച്ച് തടഞ്ഞു നിർത്തിയാൽ അതൊരു വെള്ളപൊക്കമായി വരും. കാരണം ആളുകളുടെ ഒർജിനാലിറ്റിയെയാണ് അത് ഇല്ലാതാക്കുന്നത്.

ഇപ്പോൾ ഇന്ദ്രൻസ് ചേട്ടന്റെ ശരീരത്തിന് ഇന്ന കഥാപാത്രമേ പറ്റുവെന്ന് പറയുന്നിടത്താണ് ഈ ബോഡി ഷെയ്മിങ് ശരിക്കും വരുന്നത്. ഒരാളുടെ ശരീരമല്ല ഒരാളുടെ സ്വഭാവം തീരുമാനിക്കുന്നത്. കുടക്കമ്പി പോലെയുള്ള വേഷങ്ങൾ മാത്രമേ ചെയ്യാൻ പറ്റുള്ളുവെന്ന വിചാരമാണ് യഥാർത്ഥത്തിൽ ബോഡി ഷെയ്മിങ്.

അതാണ് അപകടകരമായ കാര്യം. അതിനെ ബ്രേക്ക് ചെയ്‌ത്‌ അദ്ദേഹത്തിന് അതിനപ്പുറത്തുള്ള വേഷങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് കാലം തെളിയിച്ചു. അങ്ങനെ ആളുകൾ ചിന്തിക്കാൻ തുടങ്ങിയപ്പോൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രകടനങ്ങൾ അദ്ദേഹത്തിൽ നിന്ന് വരാൻ തുടങ്ങി.” എന്നാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ മുരളി ഗോപി പറയുന്നത്.

അതേസമയം സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കനകരാജ്യം. ലിയോണ ലിഷോയ്, ഇനാര ബിന്ത് ഷിഫാസ്, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്യുതാനന്ദന്‍, ജയിംസ് ഏലിയ, ഹരീഷ് പേങ്ങൻ, രമ്യ സുരേഷ്, സൈന കൃഷ്‍ണ, ശ്രീവിദ്യ മുല്ലശ്ശേരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

അടുത്തിടെ ആലപ്പുഴയിൽ നടന്ന യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ്‌ കനകരാജ്യം നിർമ്മിക്കുന്നത്. ജൂലൈ 5- നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ഗാനരചന – ബി കെ ഹരിനാരായണന്‍, ധന്യ സുരേഷ് മേനോന്‍, മനു മഞ്ജിത്ത്, സംഗീതം – അരുണ്‍ മുരളീധരന്‍, കലാസംവിധാനം – പ്രദീപ്, മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈൻ – സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സനു സജീവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ മാനേജർ – അനിൽ കല്ലാർ, പിആർഒ- ആതിര ദിൽജിത്ത്, ശിവപ്രസാദ്, വാഴൂർ ജോസ്, സ്റ്റിൽസ് – അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.