പൃഥ്വിയുടെ സംവിധാനത്തിൽ ഒരു മമ്മൂട്ടി ചിത്രം ഞങ്ങൾക്ക് പ്ലാനുണ്ട്: മുരളി ഗോപി

പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ‘എമ്പുരാൻ’ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മുരളി ഗോപി തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. നേരത്തെ മമ്മൂട്ടിയെ നായകനാക്കി താൻ ഒരു സിനിമ ചെയ്യുന്നുണ്ടെന്നും, മുരളി ഗോപി അതിന്റെ എഴുത്തിലാണെന്നും പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.

ഒരു മമ്മൂട്ടി ചിത്രം പ്ലാനിലുണ്ടെന്നും, എന്നാൽ അത് എപ്പോഴാണ് നടക്കുകയെന്ന് അറിയില്ലെന്നും മുരളി ഗോപി പറയുന്നു. കൂടാതെ മമ്മൂക്ക അടക്കമുള്ളവര്‍ പ്രചോദനങ്ങളാണെന്നും, തനിക്ക് ഒരു പാട്രിയാര്‍ക്കിയല്‍ ഫീലുള്ള ആളാണ് അദ്ദേഹമെന്നും മുരളി ഗോപി കൂട്ടിചേർത്തു.

“ഒരു മമ്മൂക്ക ചിത്രം പ്ലാനിലുണ്ട്. പക്ഷേ അത് എപ്പോള്‍ എന്നുള്ളതാണ്. ഇനിയിപ്പൊ പ്രോജക്റ്റ്സ് ഇങ്ങനെ വരുന്നുണ്ട്. ഞങ്ങളുടെ ആ​ഗ്രഹമാണ് അത്. ഞങ്ങള്‍‌ സംസാരിച്ചിട്ടുണ്ട്. അത് എപ്പോള്‍ സംഭവിക്കുമെന്നുള്ളതാണ്. രാജുവിന് രാജുവിന്‍റെ പ്രോജക്റ്റ്സ് ഉണ്ട്. എനിക്ക് എന്‍റേത് ഉണ്ട്.

മമ്മൂക്ക അടക്കമുള്ളവര്‍ പ്രചോദനങ്ങളാണ്. എനിക്ക് ഒരു പാട്രിയാര്‍ക്കിയല്‍ ഫീലുള്ള ആളാണ് അദ്ദേഹം. പഴയ-പുതിയ കാലങ്ങളുടെ ഒരു യഥാര്‍ഥ സങ്കലനം ഉള്ള ആളാണെന്നും തോന്നിയിട്ടുണ്ട്. വളരെ നാടനായ ഒരു മനുഷ്യനെയും അദ്ദേഹത്തില്‍ കാണാന്‍പറ്റും. എനിക്ക് അച്ഛന്‍റെ അടുത്തിരിക്കുന്നതുപോലെയുള്ള ഒരു ഫീല്‍ ആണ്. അദ്ദേഹത്തിന്‍റെ മനസില്‍ നമ്മളോടുള്ള സ്നേഹം നമുക്ക് ഫീല്‍ ചെയ്യാന്‍ പറ്റും, പക്ഷേ അത് പ്രകടിപ്പിക്കുന്ന രീതി വേറെ ആയിരിക്കും. എനിക്ക് വളരെ ഇഷ്ടവും ബഹുമാനവുമുള്ള ഒരാളാണ് മമ്മൂട്ടി സാര്‍.” എന്നാണ് ഓൺലുക്കേഴ്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മുരളി ഗോപി പറഞ്ഞത്.

അതേസമയം ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ മലയാളത്തിലേക്ക് എത്തുന്നത് മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എന്ന ഖ്യാതിയോടെയാണ്. സ്റ്റീഫൻ നെടുമ്പള്ളി ആരായിരുന്നെന്നും എങ്ങനെയാണ് സ്റ്റീഫൻ അബ്രാം ഖുറേഷി ആയതെന്നുമാണ് എമ്പുരാൻ പ്രധാനമായും പ്രമേയമാക്കുന്നത്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും.

മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ  സായ്കുമാര്‍, നന്ദു തുടങ്ങീ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ദീപക് ദേവാണ് സംഗീതം.  ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്കു,ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

Read more