പൊലീസ് കേസെടുത്തതിന് പിന്നാലെ 'ബ്രോമാൻസ്' ടീമിനെതിരെ എംവിഡിയും

നടൻ അർജുൻ അശോകനും സംഗീത് പ്രതാപും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് കേസെടുത്തതിന് പിന്നാലെ, നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. എംവിഡി ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ടീം പരിശോധനയ്ക്ക് എത്തുന്നതാണെന്ന് ആർടിഒ അറിയിച്ചു.

അമിതവേഗം, അലക്ഷ്യമായി വാഹനമോടിക്കൽ എന്നീ കുറ്റങ്ങള്‍ ചുമത്തി നേരത്തെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. അരുൺ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ബ്രോമാൻസിന്റെ ചിത്രീകരണത്തിനിടെ കൊച്ചി എംജി റോഡിൽ വെച്ച് പുലർച്ചെ 1.45നാണ് അപകടമുണ്ടായത്.

അനുമതിയില്ലാതെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. നടന്മാരായ അർജുൻ അശോകനും സംഗീത് പ്രതാപും സഞ്ചരിച്ച കാർ, മറ്റൊരു വാഹനത്തെ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.

അതേസമയം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ മാത്യു തോമസ്, ശ്യാം മോഹൻ, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് വേണ്ടി  സംഗീത സംവിധാനം നിർവഹിക്കുന്നത്.

Read more