ആറ് സിനിമകൾ ചെയ്തിട്ടും എന്നെ സംവിധായകനായി അംഗീകരിക്കാന്‍ മടിയുള്ളവരുണ്ട് : നാദിർഷ

ആറോളം സിനിമകൾ ചെയ്തിട്ടും തന്നെ ഇതുവരെ ആരും ഒരു സംവിധായകനായി കണക്കാക്കിയിട്ടില്ലെന്ന് പറയുകയാണ് നാദിർഷ. മിമിക്രി എന്നതിന് അപ്പുറത്തേക്ക് തന്നെ ആളുകൾ അംഗീകരിക്കുന്നില്ലെന്നും നാദിർഷ വ്യക്തമാക്കി.

“സാധാരണ താന്‍ ഒരു സിനിമ കാണുന്ന സമയത്ത് ആദ്യം അതിന്റെ ടെക്‌നിക്കല്‍ സൈഡ് ഒന്നും നോക്കാറില്ല. ആദ്യം വളരെ നോര്‍മല്‍ ആയി ഒരു കപ്പലണ്ടി ഒക്കെ കൊറിച്ചു കൊണ്ട് വെറുതേ കണ്ടുകൊണ്ടിരിക്കും. അത് കഴിഞ്ഞ് ആ സിനിമ ആസ്വദിച്ച് അത് ഗംഭീരമാണെന്നൊക്കെ തോന്നുന്ന സമയത്ത് ഒന്നോ രണ്ടോ തവണ ടെക്‌നിക്കല്‍ സൈഡ് കൂടി മനസിലാക്കാന്‍ പറ്റുന്ന തരത്തില്‍ കാണും.

ചിലപ്പോള്‍ ഒരു ഫൈറ്റ് സീന്‍ എങ്ങനെയാണ് അങ്ങനെ ചെയ്തത് എന്നൊക്കെ എനിക്ക് മനസിലായില്ലെങ്കില്‍ ഞാന്‍ ആ ഡയറക്ടറെ വിളിച്ച് ചോദിക്കും. നമ്മള്‍ ഇപ്പോള്‍ സിനിമ സംവിധാനം ചെയ്യുന്ന ആളാണെങ്കിലും ഞാന്‍ ഇപ്പോഴും അതിലെ പല കാര്യങ്ങളും അറിയാത്ത ആളാണ്. ഓരോ പുതിയ സബ്ജക്ട് കിട്ടുമ്പോഴും അതിന്റെ പുതുമയുണ്ട്. ഓരോ എഴുത്തുകാരെ കിട്ടുമ്പോഴും അതിന്റെ പുതുമയുണ്ട്.

പുതിയ ക്യമറാമാന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ അതിന്റെ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റുന്നുണ്ട്. പുതിയ കുട്ടികള്‍ നമ്മുടെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ അവര്‍ നമ്മളെ അഭിനയം പഠിപ്പിക്കുന്നുണ്ട്. നമ്മള്‍ എത്ര സിനിമ ചെയ്താലും ഇനി ഒരു 25 സിനിമ ചെയ്യാന്‍ ഭാഗ്യം ലഭിച്ചാലും അത് കഴിഞ്ഞ് ഒരു സിനിമ ചെയ്യുമ്പോള്‍ വീണ്ടും ആ ആദ്യം സിനിമ ചെയ്ത സമയത്തെ പേടിയും അങ്കലാപ്പും ഒക്കെ ഉണ്ടാകും.

അല്ലാതെ ഒന്നും വളരെ റിലാക്‌സ്്ഡ് ആയി ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. എക്‌സ്പീരിയന്‍സ്ഡ് ആയിട്ടുള്ള സംവിധായകര്‍ക്ക് കഴിയുമായിരിക്കും. എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഇത്ര സിനിമ ചെയ്താലും നാദിര്‍ഷ എന്ന് പറയുന്ന ഓരു ബ്രാന്‍ഡ് ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ആദ്യത്തെ സിനിമയില്‍ പുതിയ ആളുകളെ മാത്രം കാസ്റ്റ് ചെയ്താല്‍ തിയേറ്ററിലേക്ക് ആളുകള്‍ വരില്ല.

കാര്യം പേര് പറഞ്ഞാല്‍ നാദിര്‍ഷ എന്നൊക്കെ പറഞ്ഞാല്‍ അവര്‍ക്ക് മിമിക്രിയില്‍ ഒക്കെ ഉള്ള ആള്‍ എന്ന നിലയില്‍ അറിയുമായിരിക്കും. മിമിക്രിയുടെ പുറത്തേക്ക് അവര്‍ നമ്മളെ അംഗീകരിക്കുന്നില്ല. അഭിനേതാവായിട്ടും അംഗീകരിക്കില്ല, സംവിധായകനായും അംഗീകരിക്കാത്ത കാലത്ത് അഭിനയിക്കുന്നത് നല്ല ആര്‍ടിസ്റ്റുകളാണെങ്കില്‍ അവരെ കാണാനെ വരികയുള്ളു. അമര്‍ അക്ബര്‍ അന്തോണിയില്‍ പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും അഭിനയിച്ചതിന്റെ പേരിലാണ് തിയേറ്ററിലേക്ക് ആളുകള്‍ എത്തിയത്.

ആറ് സിനിമ ചെയ്ത സമയത്തും എന്നെ അംഗീകരിക്കാന്‍ മടിയുള്ളവര്‍ ഉണ്ടായിരുന്നു. ഈ നായകന്മാരെ വെച്ച് ആര്‍ക്കും പടം എടുക്കാം എന്ന് പറഞ്ഞവരുണ്ട്. അടുത്ത പടം വിഷ്ണുവിനെ വെച്ച് ചെയ്യുന്ന സമയത്ത് എന്തൊക്കെ പറഞ്ഞാലും അമര്‍ അക്ബര്‍ അന്തോണി ചെയ്ത ഡയറക്ടര്‍ ആണ് ഇതും ചെയ്യുന്നത്, ആ സിനിമ അത്യാവശ്യം ഓടിയതാണ് എന്ന് ആള്‍ക്കാര്‍ക്ക് തോന്നുമല്ലോ. അത് മാത്രമല്ല കട്ടപ്പനയിലെ ഋത്വിക് റോഷന്റെ സ്‌ക്രിപ്റ്റ് വായിച്ച് കഴിഞ്ഞപ്പോള്‍ ഇത് ഇത് സിനിമയാക്കിയാല്‍ രസമായിരിക്കും എന്ന് തോന്നിയിരുന്നു.”

അതേസമയം റാഫിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’യാണ് നാദിർഷയുടെ ഏറ്റവും പുതിയ ചിത്രം. മുബിൻ റാഫി, അർജുൻ അശോകൻ. ദേവിക സഞ്ജയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെയ് 31നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Read more