മിനുറ്റുകള്‍ മാത്രം നീണ്ടു നിന്ന റോള്‍ ആണെങ്കിലും ‘കല്‍ക്കി 2898 എഡി’യില്‍ ആക്ഷന്‍ രംഗങ്ങളില്‍ അടക്കം നടി അന്ന ബെന്‍ തിളങ്ങിയിരുന്നു. കൈറ എന്ന വിമത പോരാളി ആയാണ് അന്ന ബെന്‍ ചിത്രത്തില്‍ എത്തിയത്. ഇതാദ്യമായാണ് താരം സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നതും. ചിത്രത്തില്‍ അന്നയുടെ കഥാപാത്രം മരിക്കുന്നുണ്ട്.
എന്നാല്‍ കൈറയുടെ കഥാപാത്രം അവിടെ തീരുന്നില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കല്‍ക്കി സംവിധായകന്‍ നാഗ് അശ്വിന്‍. കൈറയ്ക്ക് ഒരു സ്പിന്നോഫ് വന്നേക്കുമെന്ന സൂചനയാണ് നാഗ് അശ്വിന്‍ നല്‍കിയിരിക്കുന്നത്. കല്‍ക്കി സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായിട്ടാണ് സ്പിന്നോഫുകള്‍ വരികയെന്നും പിങ്ക്വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നാഗ് അശ്വിന്‍ വ്യക്തമാക്കി.
നിലവില്‍ ബുജ്ജിയും ഭൈരവയും തമ്മിലുള്ള അടുപ്പത്തിന്റെ കഥ പറയുന്ന അനിമേറ്റഡ് സീരിസ് പുറത്തിറങ്ങിയിട്ടുണ്ട്. സമാനമായ രീതിയില്‍ അനിമേറ്റഡ് സീരിസോ കൈറയുടെ മാത്രം സ്പിന്നോഫ് സീരിസോ ആയിട്ടായിരിക്കും എത്തുക എന്നാണ് നാഗ് അശ്വിന്‍ പറയുന്നത്.
കല്‍ക്കി ഒറ്റ സിനിമ ആയാണ് ഒരുക്കാനിരുന്നതെന്നും എന്നാല്‍ സ്‌ക്രിപ്റ്റ് വികസിച്ചതോടെയാണ് രണ്ട് ഭാഗങ്ങളായി ഒരുക്കാന്‍ തീരുമാനിച്ചതെന്നും നാഗ് അശ്വിന്‍ പറയുന്നുണ്ട്. അതേസമയം, 1000 കോടിയിലേക്ക് കുതിക്കുകയാണ് കല്‍ക്കി. മഹാഭാരത യുദ്ധം നടന്ന് ആറായിരം വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യയാണ് നാഗ് അശ്വിന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.
സൂപ്പര്‍ താരങ്ങളുടെ ഒരു വലിയ നിര തന്നെ ചിത്രത്തിലുണ്ട്. പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, കമല്‍ ഹാസന്‍, ദിഷ പഠാനി, ശോഭന തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം, കാമിയോ റോളില്‍ വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ ഠാക്കൂര്‍, എസ്.എസ് രാജമൗലി, രാം ഗോപാല്‍ വര്‍മ്മ തുടങ്ങിയ താരങ്ങളും പ്രമുഖ സംവിധായകരും സിനിമയിലുണ്ട്.