'കല്‍ക്കി'യിലെ കൃഷ്ണന്‍ മാറുന്നു? മുഖം വ്യക്തമാക്കാതിരുന്നത് മഹേഷ് ബാബുവിനെ കൊണ്ടുവരാന്‍! സംവിധായകന്‍ പറയുന്നു

ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ‘കല്‍ക്കി 2898 എഡി’. ബോക്‌സ് ഓഫീസില്‍ 1000 കോടിക്ക് മുകളില്‍ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. സിനിമയുടെ ആദ്യ ഭാഗത്ത് ഏറെ ചര്‍ച്ചയായ കഥാപാത്രമാണ് കൃഷ്ണന്റെത്. കൃഷ്ണകുമാര്‍ ബാലസുബ്രഹ്‌മണ്യന്‍ അവതരിപ്പിച്ച ഈ കഥാപാത്രത്തിന്റെ മുഖം വ്യക്തമാക്കാത്ത രീതിയിലായിരുന്നു ചിത്രീകരണം.

കല്‍ക്കിയുടെ രണ്ടാം ഭാഗത്തില്‍ ഒരു സൂപ്പര്‍ താരത്തെ കൊണ്ടുവരാനാകും ഈ കഥാപാത്രത്തിന്റെ മുഖം വ്യക്തമാക്കാതിരുന്നത് എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. രണ്ടാം ഭാഗത്തില്‍ കൃഷ്ണനാകുന്നത് മഹേഷ് ബാബു ആണെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. ഈ ചര്‍ച്ചകളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ നാഗ് അശ്വിന്‍ ഇപ്പോള്‍.

”കല്‍ക്കി യൂണിവേഴ്സില്‍ കൃഷ്ണന്റെ മുഖം കാണിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല എന്നതാണ് സത്യം. എന്നാല്‍, ഇനി ഭാവിയില്‍ അത്തരത്തില്‍ ഒരു ചിന്ത വന്നാല്‍, തീര്‍ച്ചയായും മഹേഷ് ബാബുവിനെ ആയിരിക്കും ആ കഥാപാത്രത്തിന് വേണ്ടി സമീപിക്കുക. അദ്ദേഹം ആ കഥാപാത്രത്തിന് കൃത്യമായിരിക്കും. മാത്രമല്ല അദ്ദേഹത്തിന്റെ സാന്നിധ്യം ചിത്രത്തിന് സാമ്പത്തികമായും ഗുണം ചെയ്യും.”

”ഖലേജ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. കല്‍ക്കിയില്‍ കൃഷ്ണനായി എത്തുകയാണെങ്കില്‍ ആ കഥാപാത്രത്തോട് നൂറുശതമാനവും നീതിപുലര്‍ത്താന്‍ അദ്ദേഹത്തിനാവും” എന്നാണ് നാഗ് അശ്വിന്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ഈ വര്‍ഷം ജൂണ്‍ 27ന് പുറത്തിറങ്ങിയ കല്‍ക്കി 1100 കോടി രൂപയാണ് കളക്ഷന്‍ നേടിയത്.

പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ എന്നിവര്‍ക്ക് പുറമേ ദീപിക പദുക്കോണും, ശോഭനയും ചിത്രത്തില്‍ ഉണ്ട്. കല്‍ക്കിയിലെ വില്ലനായ കമല്‍ ഹാസന്റെ മുഴുനീള പെര്‍ഫോമന്‍സ് ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ വരാനിരിക്കുന്നത് എന്നാണ് കല്‍ക്കി ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സില്‍ നിന്നുള്ള സൂചന.