'അയൺ മാനെ'ക്കാള്‍ കൂടുതൽ സ്വാധീനം 'ഗാർഡിയൻസ് ഓഫ് ദി ഗാലക്സി'യിലെ ക്യാരക്ടര്‍ ആണ്; കൽക്കിയെ കുറിച്ച് നാഗ് അശ്വിൻ

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘കൽക്കി 2898 എഡി’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 1000 കോടി ക്ലബ്ബിലേക്കാണ് ചിത്രം കുതിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ കൽക്കി ചെയ്യാനുള്ള പ്രചോദനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ നാഗ് അശ്വിൻ. ഗാർഡിയൻസ് ഓഫ് ദി ഗാലക്സി എന്ന ചിത്രത്തിലെ കഥാപാത്രവുമായാണ് പ്രഭാസിന്റെ കഥാപാത്രത്തിന് സാമ്യമെനാന് നാഗ് അശ്വിൻ പറയുന്നത്.

“മാർവൽ സിനിമകൾ കണ്ടാണ് വളർന്നത്. പ്രഭാസിന്‍റെ കഥാപാത്രത്തെ സംബന്ധിച്ച് ഗാർഡിയൻസ് ഓഫ് ദി ഗാലക്സി എന്ന ചിത്രത്തിലെ ക്യാരക്ടറുമായാണ് സാമ്യം. അയൺ മാനെക്കാള്‍ കൂടുതൽ സ്വാധീനം ഗാർഡിയൻസ് ഓഫ് ദി ഗാലക്സിയിലെ ക്യാരക്ടര്‍ ചെലുത്തിയിട്ടുണ്ട്. തീർച്ചയായും സ്റ്റാർ വാർസ് ഒരു വലിയ സ്വാധീനമാണ്. എനിക്ക് സ്റ്റാർ വാർസ് ഇഷ്ടമാണ്, അതിനാൽ അത് ഉപബോധത്തില്‍ ഞാന്‍ ഉണ്ടാക്കുന്ന ചിത്രത്തിന്‍റെ സൗന്ദര്യാത്മകതയുടെ ഭാഗമാണ് അത്.

ഞങ്ങളുടെ റഫറന്‍സ് ഈ പഴയ ടിബറ്റൻ സന്യാസിമാരായിരുന്നു, അവർക്ക് 120-130 വയസ്സ് പ്രായമുണ്ട്. കമൽ ഹാസൻ സാര്‍ എപ്പോഴും ഓസ്‌കാർ വൈൽഡിന്‍റെ 1890-ലെ ദാർശനിക നോവലായ ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേയിൽ നിന്നുള്ള ഡോറിയന്‍റെ ഛായാചിത്രം പരാമർശിക്കാറുണ്ടായിരുന്നു.” എന്നാണ് നാഗ് അശ്വിൻ പറഞ്ഞത്.

നാഗ് അശ്വിൻ സംവിധാനം ചെയ്ത എപിക് സയൻസ് ഫിക്ഷൻ ഡിസ്ടോപ്പിയൻ ഗണത്തിൽപെടുന്ന കൽക്കിയിൽ നായകൻ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി,ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട, അന്ന ബെൻ, ശോഭന തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മഹാഭാരത യുദ്ധത്തിന് ശേഷം 6000 വർഷങ്ങൾക്കു ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ തിരിച്ചുവരവ് കൂടിയാണ് കൽക്കിയിലൂടെ ഇന്ത്യൻ സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. പുരാണ കഥാപാത്രമായ അശ്വത്ഥാമാവായാണ് ചിത്രത്തിൽ അമിതാഭ് ബച്ചൻ എത്തുന്നത്. യാഷ്കിൻ എന്ന വില്ലൻ കഥാപാത്രമായാണ് കമൽഹാസൻ ചിത്രത്തിലെത്തുന്നത്.

കൽക്കിയുടെ തിരക്കഥയും നാഗ് അശ്വിൻ തന്നെയാണ് രചിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വനി ദത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Read more