തന്റെ ചിത്രം ‘നല്ല സമയം’ തിയേറ്ററില്‍ നിന്നും പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ എക്‌സൈസ് കേസ് എടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സിനിമ പിന്‍വലിക്കുന്നതായി ഒമര്‍ ലുലു അറിയിച്ചിരിക്കുന്നത്.
”നല്ല സമയം’ തീയേറ്ററില്‍ നിന്ന് ഞങ്ങള്‍ പിന്‍വലിക്കുന്നു ഇനി ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച്” എന്നാണ് ഒമര്‍ ലുലു ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. എക്‌സൈസ് കോഴിക്കോട് റേഞ്ച് ആണ് അബ്കാരി, NDPS നിയമങ്ങള്‍ പ്രകാരം സിനിമയ്ക്കും സംവിധായകനും നിര്‍മ്മാതാവിനും എതിരെ കേസ് എടുത്തത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് ആണ് ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറില്‍ കഥാപാത്രങ്ങള്‍ മാരക ലഹരി വസ്തുവായ എംഡിഎംഎ ഉപയോഗിക്കുന്ന രംഗമാണ് മുഴുനീളം.
ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പം ചേര്‍ത്തിരുന്നു. ഇതാണ് പരാതിയിലേക്കും ഒമര്‍ ലുലുവിനും നിര്‍മ്മാതാവിനുമെതിരെയുള്ള നടപടിയിലേക്കും നയിച്ചത്. ഇര്‍ഷാദാണ് ചിത്രത്തില്‍ നായകന്‍.
നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയത്. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.