ഗിരീഷ് എ. ഡിയുടെ ആദ്യ ചിത്രം ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടനാണ് നസ്ലെൻ. പിന്നീട് സൂപ്പർ ശരണ്യ എന്ന ചിത്രത്തിലും നസ്ലെൻ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. നസ്ലെന്റെ ഏറ്റവും പുതിയ ചിത്രം ‘പ്രേമലു’ 100 കോടി നേട്ടവും സ്വന്തമാക്കി വലിയ വിജയമായി മാറിയിരിക്കുകയാണ്.
റൊമാന്റിക്- കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് ഒടിടി റിലീസിന് ശേഷവും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പ്രേമലുവിന് ശേഷമുള്ള തന്റെ സിനിമ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് നസ്‌ലെന്‍. തനിക്ക് തെലുങ്കിൽ നിന്ന് ഓഫറുകൾ വരുന്നുണ്ടെന്നും എന്നാൽ ഭാഷയറിയാത്തത് ഒരു പ്രശ്നമാണെന്നും നസ്‌ലെന്‍ പറയുന്നു.
“പ്രേമലുവിന് ശേഷം തെലുങ്കിൽ നിന്നൊക്കെ ഓഫർ വന്നിട്ടുണ്ട്. പക്ഷേ തെലുങ്ക് അറിയണ്ടേ. ആ ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ നമുക്ക് അതിന്റെ ഇമോഷൻ കിട്ടില്ല. എനിക്ക് ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ ഫീൽ ചെയ്യണം.
തമിഴിൽ നിന്നും തെലുങ്കിൽ നിന്നും കോളുകൾ വരുന്നുണ്ട്. കൂട്ടുകാരൻ കഥാപാത്രത്തിലേക്കാണ് കൂടുതലും കോൾ വരുന്നത്. ഒരു ഗ്രൂപ്പ് പറഞ്ഞത് അമൽ ഡേവിസിനെ പോലെയുള്ള കഥാപാത്രമാണ് എന്നാണ്. ഞാൻ മലയാളത്തിൽ നല്ല സിനിമകൾ ചെയ്യാമെന്ന തീരുമാനത്തിലാണ്. അത്രയും നല്ലതായ, അല്ലെങ്കിൽ നമ്മളെ എക്സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രം വരികയാണെങ്കിൽ ചെയ്യാം.” എന്നാണ് ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ നസ്‌ലെന്‍ പറഞ്ഞത്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് പ്രേമലു നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയ് സംഗീതമൊരുക്കുന്ന ചിത്രത്തിൽ അജ്മൽ സാബു ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം ആദ്യത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.