നായികമാരെ ഒതുക്കാന്‍ നായികമാര്‍ തന്നെ ശ്രമിക്കും, എനിക്കെതിരെ ചിലരൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്; തുറന്നു പറഞ്ഞ് നവ്യ നായര്‍

ഇന്നത്തെ നായികമാര്‍ പഴയതിനേക്കാളും സപ്പോര്‍ട്ടിംഗ് ആണെന്ന് നടി നവ്യ നായര്‍. പണ്ടത്തെ നായികമാര്‍ മറ്റ് നായികമാരെ ഒതുക്കാന്‍ ശ്രമിക്കുമായിരുന്നു എന്നാണ് നവ്യ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമയിലേക്ക് തിരിച്ചു വന്നപ്പോള്‍ തനിക്ക് അനുഭവപ്പെട്ട മാറ്റങ്ങളെ കുറിച്ചാണ് നവ്യ സംസാരിച്ചത്.

ഇന്നത്തെ നായികമാര്‍ പഴയതിനേക്കാളും സപ്പോര്‍ട്ടിംഗ് ആണ്. ഇപ്പോള്‍ തന്റെ സിനിമയുടെ ഇന്നു മുതല്‍ എന്ന പോസ്റ്ററില്‍ മഞ്ജു ചേച്ചിയാണ് ഓഡിയന്‍സിനെ അഡ്രസ് ചെയ്യുന്നത്. പ്രൊഡക്ഷനില്‍ നിന്ന് ഇക്കാര്യം ആദ്യം പറഞ്ഞപ്പോള്‍ തന്നെ ചേച്ചിക്ക് ഭയങ്കര സന്തോഷമായിരുന്നു.

അതുപോലെ തന്നെ ‘ഒരുത്തീ’ സിനിമയുടെ ട്രെയ്ലറും ടീസറുമൊക്കെ റിലീസ് ചെയ്തതും തനിക്ക് പരിചയമുള്ളതും, പുതിയതും പഴയതുമായ ഒരുപാട് ആര്‍ട്ടിസ്റ്റുകളാണ്. നായികമാരെ ഒതുക്കാന്‍ മറ്റ് നായികമാര്‍ ശ്രമിക്കുന്ന രീതിയൊന്നും ഇപ്പോഴില്ല. പണ്ട് ആ രീതിയൊക്കെ കുറച്ചുണ്ടായിരുന്നു.

അത്തരത്തിലുള്ള അനുഭവങ്ങള്‍ കുറച്ചൊക്കെ തനിക്കും ഉണ്ടായിട്ടുണ്ട്. അനുഭവങ്ങള്‍ വിശദീകരിക്കാനൊന്നും പറയരുത്. അത് ചെയ്യില്ല. തനിക്കെതിരെ അങ്ങനെ ചിലരൊക്കെ പ്രവര്‍ത്തിച്ചിരുന്നു എന്ന് മറ്റുള്ളവരൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടര്‍ ടിവിയോട് നവ്യ നായര്‍ പ്രതികരിച്ചിരിക്കുന്നത്.

Read more

2001ല്‍ ‘ഇഷ്ടം’ എന്ന സിനിമയിലൂടെയാണ് നവ്യ അഭിനയരംഗത്തേക്ക് എത്തുന്നത്. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ താരം വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും സിനിമയില്‍ എത്തിയത്. ഒരുത്തീ ആണ് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.