ഒരു സ്ത്രീ ഇരയാകുമ്പോള്‍, അപമാനിക്കപ്പെടുമ്പോള്‍..; നവ്യ നായരുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നവ്യ നായര്‍. അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ദിന്റെ ഇഡിക്ക് നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളില്‍ നടി നവ്യ നായരുടെ പേര് ഉയര്‍ന്ന് വന്നിരുന്നു.

മുംബൈയില്‍ തന്റെ റെഡിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ താമസക്കാരന്‍ എന്നത് മാത്രമാണ് സച്ചിന്‍ സാവന്ദുമായി തനിക്കുള്ള പരിചയമെന്നും അതിനപ്പുറം അടുപ്പമില്ലെന്നുമാണ് നവ്യ ഇഡിക്ക് മൊഴി നല്‍കിയത്. താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണിപ്പോള്‍ വൈറലാകുന്നത്. നവ്യയ്ക്ക് പിന്തുണ നല്‍കി ഒരു ആരാധകന്‍ പങ്കുവച്ച സ്റ്റോറിയാണ് നവ്യ പങ്കിട്ടിരിക്കുന്നത്.

”കഴിഞ്ഞ കുറച്ചു ദിവസമായി ഒരു വ്യാജ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് തന്നെ ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. മുഖ്യധാര മാധ്യമങ്ങള്‍ അത് പിന്തുടര്‍ന്നതോടെ ആ വാര്‍ത്ത മുങ്ങിപ്പോയിരിക്കുകയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ മാനസികമായി ഒരു പൗരനെ കൊല്ലുകയാണ്. കടലില്‍ ഒരു കല്ല് ഇടുമ്പോള്‍ അത് ചെന്നെത്തുന്ന ആഴവും അറിയണം.”

”ഒരു സ്ത്രീ ഇരയായി എത്തുമ്പോള്‍ അവരുടെ മാതാപിതാക്കളും പങ്കാളിയും കുട്ടികളും എല്ലാം വേദനിക്കുന്നത് സങ്കടകരമാണ്. ഇരയെ സൈബര്‍ ഇടങ്ങളില്‍ അപമാനിക്കുന്നത് തീര്‍ത്തും പരിതാപകരമായ കാര്യമാണ്. മാധ്യമ ഭീകരത തിരുത്താന്‍ കഴിയാത്ത തെറ്റാണ്. നെല്ലും പതിരും തിരിക്കാതെ വാര്‍ത്ത വരുന്ന നിമിഷത്തില്‍ സുഹൃത്തുക്കളുടെ ഇടയിലും ബന്ധുക്കളുടെ ഇടയിലും ഇര ഒറ്റപ്പെടും.”

”അവരുടെ മന സാന്നിധ്യം തന്നെ നഷ്ടപ്പെടും. ഒരു വാര്‍ത്തയില്‍ കൂടി ഇരയെ കീറിമുറിക്കുമ്പോള്‍ അത് അവരുടെ ചുറ്റിലുമുള്ളവരെക്കൂടിയാണ് ബാധിക്കുന്നത് എന്ന് ഓര്‍ക്കണം” എന്നാണ് നബീര്‍ ബേക്കര്‍ എന്ന അക്കൗണ്ടില്‍ എത്തിയ കുറിപ്പ്. നിരവധി പേരാണ് ഈ കുറിപ്പ് സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുന്നത്.