ആരാണ് ഇഷ്ടനടന്‍ ? നയന്‍താര പറഞ്ഞ ഉത്തരം

തന്റെ പ്രിയനടനാരെന്നു വെളിപ്പെടുത്തി ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. അടുത്തിടെ നടന്ന വികടന്‍ അവാര്‍ഡ് ദാനചടങ്ങില്‍ വച്ചാണ് താരസുന്ദരി മനസുതുറന്നത്. അറം എന്ന സിനിമയിലെ അഭിനയത്തിന് മികച്ചനടിയായി നയന്‍താര തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് നടിയ്ക്ക് അവാര്‍ഡ് നല്‍കിയത്. അവാര്‍ഡ് വാങ്ങിയശേഷം ഇഷ്ടനടന്‍ ആരെന്ന ചോദ്യത്തിന് തല അജിത്തെന്ന് നയന്‍താര മറുപടി നല്‍കുകയായിരുന്നു.

വന്‍ കരഘോഷത്തോടെയാണ് നയന്‍താരയുടെ മറുപടിയെ കാണികള്‍ വരവേറ്റത്. അതേസമയം മെര്‍സലിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ദളപതി വിജയും സന്നിഹിതനായിരുന്നു. വിജയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തെപ്പോലെ നിശബ്ദനായ ഒരു വ്യക്തിയെ താനിതുവരെ കണ്ടിട്ടില്ലെന്ന് നയന്‍താര വെളിപ്പെടുത്തി.

അജിത്തിനൊപ്പം അധികം ചിത്രങ്ങളില്‍ നയന്‍താര അഭിനയിച്ചിട്ടില്ല. ബില്ല, ഏകന്‍, ആരംഭം തുടങ്ങി വിരലിലെണ്ണാവുന്ന കുറച്ച് ചിത്രങ്ങളില്‍ മാത്രമേ ഇരുവരും ഒരുമിച്ചിട്ടുള്ളു. വിജയ്യോടൊപ്പം വില്ല് എന്ന സിനിമയില്‍ നായികയായ താരം ശിവകാസി എന്ന വിജയ് ചിത്രത്തിലെ ഗാനരംഗത്തിലും വേഷമിട്ടു.