എന്റെ ഉള്ളില്‍ ഭയമായിരുന്നു, മോഹന്‍ലാല്‍ പറയുന്നത് അലോസരപ്പെടുത്തി, സെറ്റില്‍ ഫാസില്‍ സര്‍ അസ്വസ്ഥനായി: നയന്‍താര

നയന്‍താരയുടെ ആദ്യ കാല ചിത്രങ്ങളില്‍ ഒന്നാണ് ‘വിസ്മയത്തുമ്പത്ത്’. ഫാസിലിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകനായത്. വിസ്മയത്തുമ്പിന്റെ സെറ്റിലെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് നയന്‍താര ഇപ്പോള്‍. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് നയന്‍താര സംസാരിച്ചത്. ആദ്യം തനിക്ക് കഥാപാത്രത്തെ ഉള്‍ക്കൊള്ളാനായില്ല, ഭയമായിരുന്നു എന്നാണ് നയന്‍താര പറയുന്നത്.

കരിയറിന്റെ തുടക്കത്തില്‍ ഫാസില്‍ സാറിനെ പോലുള്ളവരുടെ ഒപ്പം ജോലി ചെയ്യാനായത് എന്റെ അഭിനയത്തെ മെച്ചപ്പെടുത്താനായി സാധിച്ചിട്ടുണ്ട്. അഭിനയത്തിന്റെ അല്ലെങ്കില്‍ സിനിമയുടെ പാഠശാലയാണ് അദ്ദേഹം. ഒരു ദിവസം അദ്ദേഹം വളരെയേറെ അസ്വസ്ഥനായി. എനിക്ക് ഇത് മനസിലാവുന്നില്ലെന്നും ഉള്ളില്‍ നിന്ന് കഥാപാത്രം ഉത്ഭവിക്കേണ്ടത് എങ്ങനെയാണെന്ന് എനിക്ക് മനസിലാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒരോ തവണ അഭിനയിക്കുമ്പോഴും ഉള്ളില്‍ നിന്ന് വന്ന് അഭിനയിക്കാനായി മോഹന്‍ലാല്‍ സാര്‍ പറയുമായിരുന്നു. നിങ്ങളുടെ ഭാവങ്ങളുടെ വികാരങ്ങളും ഉള്ളില്‍ നിന്ന് വരണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു. നിരന്തരമായി ഇങ്ങനെ പറയുന്നത് എന്നെ അലോസരപ്പെടുത്തിയിരുന്നു. ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു.

എന്റെ ഉള്ളില്‍ ഭയമല്ലാതെ മറ്റൊന്നും ഇല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഇത് കേട്ട് അദ്ദേഹം ചിരിച്ചു. അല്‍പ്പ നേരം ബ്രേക്കെടുക്കാനായി എന്നോട് പറഞ്ഞു. അന്ന് ഫാസില്‍ സാര്‍ അസ്വസ്ഥനായി ഒരു മൂലയിലേക്ക് പോയി. രണ്ട് മണിക്കൂറിന് ശേഷം അദ്ദേഹം തിരിച്ചു വന്നു. നിന്നെ ഞാന്‍ വീണ്ടും വിശ്വസിക്കുന്നുവെന്ന് പറഞ്ഞു. ഇന്ന് ബ്രേക്കെടുത്ത് നാളെ ആരംഭിക്കാമെന്ന് പറഞ്ഞു.

എനിക്ക് അദ്ദേഹത്തെ ഓര്‍ത്ത് വിഷമം തോന്നി. പിറ്റേന്ന് വന്ന് കഷ്ടപ്പെട്ട് ഞാന്‍ അഭിനയിച്ചു. എനിക്കൊന്നും അറിയില്ലായിരുന്നു എന്റെ കഴിവിന്റെ പരാമാവധി കഷ്ടപ്പെട്ട് അഭിനയിച്ചു. ഞാന്‍ നന്നായി അഭിനയിച്ചോ എന്ന് എനിക്ക് അറിയില്ല പക്ഷേ അദ്ദേഹം സന്തുഷ്ടനായിരുന്നു. അദ്ദേഹം എന്നെ ആശ്ലേഷിച്ച് നിന്നില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു എന്നാണ് നയന്‍താര പറയുന്നത്.