'പ്രേംനസീര്‍ മുതല്‍ ഫഹദ്ഫാസില്‍ വരെയുള്ള തലമുറകള്‍ക്കൊപ്പം അഭിനയിച്ചു'

പ്രേംനസീര്‍ മുതല്‍ ഫഹദ്ഫാസില്‍ വരെയുള്ള തലമുറകള്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചുവെന്ന് നേടുമുടി വേണു. “പുതിയ തലമുറയിലെ കുട്ടികളെ ഞാന്‍ ശുഭാപ്തിവിശ്വാസത്തോടെയാണ് കാണുന്നത്. അവരെ നമുക്ക് എഴുതി തള്ളാന്‍ എളുപ്പമാണ്. പക്ഷെ, അവരിലെ നന്മയെ തിരിച്ചറിയാന്‍ ശ്രമിക്കണം. അവര്‍ നമ്മളെക്കാള്‍ പ്രായോഗികവാദികളും കഷ്ടപ്പെടാന്‍ മനസ്സുള്ളവരുമാണ്. അത് ഈ കാലഘട്ടത്തിലെ സിനിമകളില്‍ കാണുന്നുമുണ്ട്” – നെടുമുടി വേണു പറഞ്ഞു.

കന്യക മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ തന്റെ സിനിമയിലെ 40 വര്‍ഷക്കാലത്തേക്കുറിച്ച് സംസാരിക്കവെയാണ് പുതുതലമുറയെക്കുറിച്ച് തനിക്ക് ശുഭാപ്തിവിശ്വാസമാണെന്ന കാര്യം നെടുമുടി വേണു പറഞ്ഞു.

സിനിമ ഇന്ന് ജനമധ്യത്തിലേക്ക് ഇറങ്ങി വരികയാണ്. പണ്ടൊക്കെ ഒരു അവസരത്തിനായി മദ്രാസിലേക്ക് പോകണമായിരുന്നു. ഇന്ന് സ്വയം സംവിധാനം ചെയ്യാനും അഭിനയിക്കാനും കഴിയുമെന്ന വിശ്വാസമുള്ളവരുടെ എണ്ണം കൂടി. അതുകൊണ്ട് തന്നെ മത്സരങ്ങളും കൂടി. അവസരം കിട്ടാനും കിട്ടിയാല്‍ തന്നെ പിടിച്ചുനില്‍ക്കാനും ബുദ്ധിമുട്ടുള്ള കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.