ശ്രീജിത്തിന് പിന്തുണയുമായി നീരജ് മാധവ്; 'ഒറ്റയാള്‍ പോരാട്ടത്തിന്റെ ദൃഢമനസിന് ബിഗ് സല്യൂട്ട്'

വി.കെ സനിഷ്

അനുജന് വേണ്ടി സെക്രട്ടേറിയേറ്റ് പടിക്കല്‍ രണ്ടു വര്‍ഷമായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ അര്‍പ്പിച്ച് നടന്‍ നീരജ് മാധവ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടുകൂടിയാണ് ശ്രീജിത്തിന്റെ വിഷയം ശ്രദ്ധയില്‍പ്പെടുന്നത്. നിവിന്‍ പോളി അടക്കമുള്ള സിനിമക്കാര്‍ ഈ വാര്‍ത്തയെ ജനങ്ങളിലേക്കെത്തിക്കാന്‍ ആര്‍ജ്ജവം കാണിച്ചു. ഒറ്റയാള്‍ പോരാട്ടം നടത്തിയ ശ്രീജിത്തിന്റെ ദൃഢമനസ് അഭിനന്ദനാര്‍ഹമാണെന്നും നീരജ് സൗത്ത്‌ലൈവിനോട് പറഞ്ഞു.

വിഷയത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയാന്‍ സാധിച്ചു. എന്നാല്‍ അതൊന്നും പോരാ. പൂര്‍ണമായ നീതി നടപ്പിലാക്കുകയാണ് വേണ്ടത്. എനിക്ക് ശ്രീജിത്തിന്റെ ദൃഢ മനസിനോട് ബഹുമാനം തോന്നിയത്, ഈ കേസ് ശരിയായ ദിശയിലാണ് പോവുന്നത് എന്നുറപ്പ് ലഭിക്കുന്നത് വരെ സമരം മുന്നോട്ട് കൊണ്ട് പോകുന്നു എന്നതാണ്.

ഇത്തരം സമരങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ ഞാനടക്കമുള്ള ആളുകള്‍ക്ക് അപ്പോഴത്തെ ആവേശം മാത്രമാണ് കാണാറുള്ളത്. എന്നാല്‍ ഇത്തരം കേസുകളില്‍ പിന്നീട് എന്താണ് സംഭവിക്കുന്നത് എന്ന് കൂടി അന്വേഷിക്കാന്‍ നാം തയ്യാറാകണമെന്നും നീരജ് പറഞ്ഞു. ശ്രീജിത്തിന്റെ സമരത്തിന് തന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും നാം എല്ലാവരും ശ്രീജിത്തിനെ പിന്തുണയ്ക്കണമെന്നും നീര്ജ് കൂട്ടിച്ചേര്‍ത്തു.

Read more

https://www.facebook.com/SouthLiveNews/videos/1795547673810374/