എമ്മി ജേതാവ് റിച്ചി മേത്ത സംവിധാനം ചെയ്ത ‘പോച്ചർ’ വെബ് സീരീസിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ അരങ്ങേറിയ ആന വേട്ടയും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പ്രമേയമാവുന്ന പോച്ചർ ആമസോൺ പ്രൈമയിലൂടെയാണ് സ്ട്രീം ചെയ്യുന്നത്.
നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ, കനി കുസൃതി, അങ്കിത് മാധവ്, രഞ്ജിത മേനോൻ, മാല പാർവ്വതി തുടങ്ങിയവരാണ് വെബ് സീരീസിലെ പ്രധാന താരങ്ങൾ.ഇൻവെസ്റ്റിഗേറ്റീവ് ക്രൈം- ത്രില്ലർ ഴോണറിലാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാണ് വി സീരീസിലൂടെ റിച്ചി മേത്ത പറയുന്നത്.
ഇപ്പോഴിതാ പോച്ചറിനെ കുറിച്ച് സംസാരിക്കുകയാണ് നിമിഷ സജയൻ. പോച്ചറിന്റെ കഥ കേട്ടപ്പോൾ തന്നെ, ആ കഥാപാത്രം ചെയ്യണമെന്ന ആഗ്രഹം തനിക്ക് തോന്നിയെന്നും, ചെയ്യുന്ന സിനിമകള്‍ ക്ലൈമാക്‌സില്‍ ഒതുങ്ങി നില്‍ക്കാതെ അതിനപ്പുറത്തേക്ക് ചര്‍ച്ചാവിഷയമാകണമെന്നും നിമിഷ സജയൻ പറയുന്നു.
“അഭിനയം വളരെ ഗൗരവത്തോടെയാണ് ഞാന്‍ കാണുന്നത്. കാലികപ്രസക്തിയുള്ള സിനിമകളുടെ ഭാഗമാകാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ചെയ്യുന്ന സിനിമകള്‍ ക്ലൈമാക്‌സില്‍ ഒതുങ്ങി നില്‍ക്കാതെ അതിനപ്പുറത്തേക്ക് ചര്‍ച്ചാവിഷയമാകണമെന്ന് ആഗ്രഹിക്കാറുണ്ട്.
ഒരു അഭിനേതാവ് എന്ന നിലയില്‍ ക്യാമറയ്ക്കു മുന്നില്‍ കഥാപാത്രത്തിന്റെ വികാരങ്ങളെ സത്യസന്ധമായി അവതരിപ്പിക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ ആളുകള്‍ക്ക് ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രമായും സാഹചര്യമായും താദാത്മ്യം പുലര്‍ത്താന്‍ കഴിയൂ.
റിച്ചി മേത്ത പോച്ചറിന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ, ആ കഥാപാത്രം ചെയ്യണമെന്ന ആഗ്രഹം തോന്നി. വളരെയധികം സ്വാധീനം ചെലുത്താന്‍ കഴിയുന്ന സീരീസാണ് പോച്ചര്‍ എന്ന് വായിച്ചപ്പോള്‍ തന്നെ തിരിച്ചറിയാൻ കഴിഞ്ഞു. പോച്ചര്‍ ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ സീരീസായിരുന്നു. എന്നാല്‍ ആത്മാര്‍ത്ഥമായി കലയെ സ്‌നേഹിക്കുന്നയാള്‍ക്ക് ഒന്നും പ്രയാസമായി തോന്നില്ല.” എന്നാണ് ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിൽ നിമിഷ സജയൻ പറഞ്ഞത്.
View this post on Instagram
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വെബ് സീരീസ് ലഭ്യമാവും. ഓസ്കർ പുരസ്കാര ജേതാക്കളായ ക്യുസി എന്റർടൈൻമെന്റ് ആണ് വെബ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. ബോളിവുഡ് താരം ആലിയ ഭട്ട് സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ്.
Read more
ആകെ 8 എപ്പിസോഡുകളാണ് വെബ് സീരീസിലുള്ളത്. ഇതിന് മുന്നേ ആദ്യ മൂന്ന് എപ്പിസോഡുകൾ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ജൊഹാൻ ഹെർലിൻ ആണ് സീരീസിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇയോബിന്റെ പുസ്തകം, തുറമുഖം എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഗോപൻ ചിദംബരം ആണ് പോച്ചർ മലയാളം വേർഷന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്