'മഹാരാജ' എന്ന പേര് നൽകാൻ ഒരു പ്രത്യേക കാരണമുണ്ട്: നിതിലൻ സാമിനാഥൻ

നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത ‘മഹാരാജ’ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. വിജയ് സേതുപതിയുടെ അൻപതാം ചിത്രം കൂടിയാണ് ആക്ഷൻ ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ മഹാരാജ.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ നിതിലൻ സാമിനാഥൻ. സമൂഹത്തിൽ ആളുകൾ അവജ്ഞയോടെ കാണുന്ന ആളുകളെ, തൊഴിൽ വിഭാഗങ്ങളെ, വസ്തുക്കളെ എല്ലാം അർഹിക്കുന്ന പ്രധാന്യത്തോടെ സിനിമയിൽ അവതരിപ്പിക്കാൻ താൻ ശ്രമിച്ചുവെന്നാണ് നിതിലൻ സാമിനാഥൻ പറയുന്നത്. കൂടാതെ വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ തൊഴിലിനെ വിലകുറച്ചുകാണുന്നവർ ഇപ്പോഴുമുണ്ടെന്നും അതിനാലാണ് ആ കഥാപാത്രത്തിന് മഹാരാജ എന്ന പേരുനൽകാൻ തീരുമാനിച്ചതെന്നും നിതിലൻ സാമിനാഥൻ പറയുന്നു.

“സമൂഹത്തിൽ ആളുകൾ അവജ്ഞയോടെ കാണുന്ന ആളുകളെ, തൊഴിൽ വിഭാഗങ്ങളെ, വസ്തുക്കളെ എല്ലാം അർഹിക്കുന്ന പ്രധാന്യത്തോടെ സിനിമയിൽ അവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചു. വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ തൊഴിലിനെ വിലകുറച്ചുകാണുന്നവർ ഇപ്പോഴുമുണ്ട്. അതിനാലാണ് ആ കഥാപാത്രത്തിന് മഹാരാജ എന്ന പേരുനൽകാൻ തീരുമാനിച്ചത്. ഉപയോഗശൂന്യമായി വലിച്ചെറിയുന്ന വസ്തുവാണു കുപ്പത്തൊട്ടി. അതിനു പോലും ചിലപ്പോൾ നമ്മുടെ ജീവിതം മാറ്റിമറിക്കാൻ സാധിക്കുമെന്നു കാണിക്കാനാണു ശ്രമിച്ചത്.

സിനിമയുടെ കഥ തീരുമാനിക്കുന്നത് കാഴ്ചക്കാരനാണ്. നമ്മൾ എല്ലാം ആദ്യമേ പറഞ്ഞുപഠിപ്പിച്ചാൽ അത് അവരുടെ ആസ്വാദനത്തെ ബാധിക്കും. ഒരു സിനിമ കാണുമ്പോൾ പ്രേക്ഷകൻ സ്വയം ചിന്തിച്ച് പലതും മനസ്സിലാക്കണമെന്നു വിശ്വസിക്കുന്നയാളാണു ഞാൻ.

അതിനുവേണ്ടിയാണു നോൺലീനിയർ രീതി അവലംബിച്ചത്. അത്തരത്തിൽ പ്രേക്ഷകരെ അൽപം ആശയക്കുഴപ്പത്തിൽ ആക്കിയാൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന ഇംപാക്ട് പല സീനുകൾക്കും ഉണ്ടാക്കിയെടുക്കാൻ സാധിക്കൂ.” എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ നിതിലൻ സാമിനാഥൻ പറഞ്ഞത്.

അനുരാഗ് കശ്യപ് ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്. നിതിലൻ സാമിനാഥന്റെ ആദ്യ ചിത്രമായ ‘കുരങ്ങു ബൊമ്മൈ ‘ എന്ന ചിത്രവും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം കൂടിയായിരുന്നു.

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബി അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഫിലോമിൻ രാജ് ആണ് എഡിറ്റിംഗ് ചെയ്യുന്നത്.

Read more