മലയാളത്തില്‍ ഒരു സിനിമ പോലും 100 കോടി രൂപ കളക്ട് ചെയ്തിട്ടില്ല: നിര്‍മ്മാതാവ് സുരേഷ് കുമാര്‍

മലയാളത്തിലെ ഒരു സിനിമയും നൂറ് കോടി കളക്ഷന്‍ നേടിയിട്ടില്ലെന്ന് വെളിപ്പെടുത്തി നിര്‍മാതാവ് ജി. സുരേഷ് കുമാര്‍. നൂറ് കോടി കളക്ഷന്‍ നേടി എന്ന് പറഞ്ഞ് പലരും പുറത്തു വിടുന്നത് ഗ്രോസ് കളക്ഷന്‍ ആണെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്മൃതി സന്ധ്യ’ എന്ന പരിപാടിയിലാണ് നിര്‍മ്മാതാവ് സംസാരിച്ചത്.

”ഒരു പടം ഹിറ്റായാല്‍ ഇന്ന് കോടികള്‍ കൂട്ടുകയാണ് ആളുകള്‍. 100 കോടി ക്ലബ്ബ്, 500 കോടി ക്ലബ്ബ് എന്നൊക്കെ കേള്‍ക്കുന്നുണ്ട്. അതില്‍ കുറച്ച് കാര്യങ്ങളൊക്കെ ശരിയാണ്. മലയാളത്തില്‍ ഒരു സിനിമ പോലും 100 കോടി രൂപ കലക്ട് ചെയ്തിട്ടില്ല, കലക്ട് ചെയ്തുവെന്ന് അവര്‍ പറയുന്നത് ഗ്രോസ് കളക്ഷന്റെ കാര്യത്തിലാണ്” എന്നാണ് സുരേഷ് കുമാര്‍ പറയുന്നത്.

മുന്‍പു തിയേറ്ററില്‍ നിന്ന് മാത്രം കിട്ടിക്കൊണ്ടിരുന്ന വരുമാനത്തില്‍ നിന്നാണ് സിനിമാ വ്യവസായം മുന്നോട്ട് പോയിരുന്നതെങ്കില്‍ ഇന്ന് ഒ.ടി.ടി വന്നതോടെ പല മുന്‍നിര താരങ്ങളും സ്വന്തമായി സിനിമ നിര്‍മിക്കാന്‍ തുടങ്ങി. സിനിമയുടെ ഉള്ളടക്കം നല്ലതാണെങ്കില്‍ ആളുകള്‍ വീണ്ടും തിയേറ്ററിലെത്തുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

സ്മൃതി സന്ധ്യയില്‍ സംഘടിപ്പിച്ച ‘എണ്‍പതുകളിലെ മലയാള സിനിമ’ എന്ന ചര്‍ച്ചയില്‍ സംവിധായകന്‍ കമല്‍, നടന്‍ മണിയന്‍പിള്ള രാജു എന്നിവരും പങ്കെടുത്തിരുന്നു. കഥ, സംവിധാനം, സാങ്കേതികത എന്നീ മേഖലകളില്‍ മലയാള സിനിമ മികച്ചു നിന്ന കാലഘട്ടമായിരുന്നു എണ്‍പതുകളെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു.

ഇന്ന് ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ മലയാള സിനിമ മികച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി ഒട്ടേറെ സിനിമകളാണ് എണ്‍പതുകളില്‍ മലയാളത്തില്‍ ഇറങ്ങിയതെന്നാണ് കമല്‍ പറയുന്നത്.

Read more

മമ്മൂട്ടി, മോഹന്‍ലാല്‍, നെടുമുടി വേണു തുടങ്ങിയ അഭിനേതാക്കളെ സംഭാവന ചെയ്ത കാലമായിരുന്നു എണ്‍പതുകള്‍. പത്മരാജന്‍, ഭരതന്‍, കെ.ജി ജോര്‍ജ് എന്നിവരുടെ സിനിമകളിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്തെ മാറ്റങ്ങള്‍ക്ക് തുടക്കമായതെന്നും കമല്‍ വ്യക്തമാക്കി.