ഡബ്ബ് ചെയ്യുമ്പോൾ എനിക്കറിയാമായിരുന്നു ഇതിന് കയ്യടി വീഴാനുള്ളതാണെന്ന്: നൈല ഉഷ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ലൂസിഫർ. മുരളി ഗോപിയായിരുന്നു ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്റെ’ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ആദ്യഭാഗമായ ലൂസിഫറിൽ നൈല ഉഷയും വേഷമിട്ടിരുന്നു. ഒരു മാധ്യമ പ്രവർത്തകയായാണ് നൈല ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. ‘കർഷകനല്ലേ മാഡം കള പറിക്കാൻ ഇറങ്ങിയതാ’ എന്ന മോഹൻലാലിന്റെ ഡയലോഗിന് തിയേറ്ററിൽ എന്തായാലും കയ്യടികിട്ടുമെന്ന് തനിക്ക് ഡബ്ബിംഗ് സമയത്ത് തന്നെ ഉറപ്പായിരുന്നു എന്നാണ് നൈല ഉഷ പറയുന്നത്.

“ലൂസിഫറിലെ ആ ഡയലോഗ് ഡബ്ബ് ചെയ്യുമ്പോൾ ഞാൻ പറഞ്ഞത് ഇതിപ്പോൾ ലാലേട്ടനുള്ള കൈയ്യടിയാണെങ്കിലും ഇതെനിക്ക് ഉള്ളതായിട്ടാണ് ഞാൻ വിചാരിക്കുന്നത് എന്നായിരുന്നു.

കാരണം ആ സീൻ എടുക്കുമ്പോഴും ഡബ്ബ് ചെയ്യുമ്പോഴുമൊക്കെ എനിക്കറിയാം ഇത് കയ്യടി വരാൻ പോകുന്ന ഒരു ഡയലോഗ് ആണെന്ന്. കാരണം എല്ലാവരും കാത്തിരിക്കുകയായിരുന്നു ലാലേട്ടൻ ആ ഡയലോഗ് അടിച്ച് പറഞ്ഞ് പോവുന്നതിന്.

കുറച്ച് നേരമേ ഉള്ളൂവെങ്കിലും എനിക്ക് ഒരുപാട് സന്തോഷം തോന്നി. കാരണം ലാലേട്ടന്റെ കൂടെ എനിക്ക് ആകെയുള്ള സീൻ അതായിരുന്നു. ആ ഡയലോഗിന്റെ ഇമ്പാക്‌ടിനെ കുറിച്ച് എനിക്ക് നല്ല ബോധം ഉണ്ടായിരുന്നു.

Read more

കുറേ ആളുകൾ എന്നോട് ചോദിക്കുന്നുണ്ട് എമ്പുരാനിൽ ഉണ്ടാവുമോയെന്ന്. എല്ലാവരും ആ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഞാനും കാത്തിരിക്കുകയാണ് ആ സിനിമ കാണാൻ. പക്ഷെ എനിക്ക് തോന്നുന്നില്ല എന്റെ കഥാപാത്രം ആ സിനിമയിൽ ഇനി ആവശ്യമുണ്ടെന്ന്. എന്തായാലും ഞാനും ആകാംഷയിലാണ്.” എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ നൈല ഉഷ പറഞ്ഞത്.