തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് ജിയോ ബേബി- മമ്മൂട്ടി ടീമിന്റെ കാതൽ. ജ്യോതികയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്തിരിക്കുന്നത്. മാത്യു ദേവസിയായി മമ്മൂട്ടിയും ഓമനയായി ജ്യോതികയും മികച്ച പ്രകടനം തന്നെയാണ് സിനിമയിൽ കാഴ്ചവെച്ചിട്ടുള്ളത്.
ഇപ്പോഴിതാ കാതലിനെ പറ്റിയുള്ള ജ്യോതികയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ജിയോ ബേബിക്കും ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർക്കും ജ്യോതിക നന്ദി പറയുന്നുണ്ട്.
“ചില സിനിമകൾ ശരിയായ കാര്യങ്ങൾക്ക് വേണ്ടി, ശുദ്ധമായ ഉദ്ദേശത്തോടെ, സിനിമയോടുള്ള സ്നേഹത്താലാണ് ഒരുക്കുന്നത്. കാതൽ ദി കോറും അത്തരമൊരു സിനിമയാണ്. ഈ ആശയത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തതിന് പ്രേക്ഷകർക്ക് നന്ദി. നല്ല സിനിമകളോടുള്ള നിങ്ങളുടെ സ്നേഹം, സിനിമ എന്ന കലയെ മികവുറ്റതാക്കും. റിയൽ ലൈഫ് ഹീറോയായ മമ്മൂട്ടി സാറിന് ഒരു ബിഗ് സല്യൂട്ട്. ഓമനയും മാത്യുവും എന്നും തന്റെ ഹൃദയത്തിന്റെ കാതലിൽ ജീവിക്കും.” എന്നാണ് ജ്യോതിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
സുധി കോഴിക്കോട്, ചിന്നു ചാന്ദ്നി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.