സാഗര്‍ ഏലിയാസ് ജാക്കിയില്‍ കള്ളക്കടത്ത് നടത്തിയില്ലേ എന്നിട്ട് കേസ് എടുത്തോ? സിനിമയെ സിനിമയായി കാണണം: ഒമര്‍ ലുലു

സംവിധായകന്‍ ഒമര്‍ ലുലു ഒരുക്കിയ ‘നല്ല സമയം’ സിനിമയ്‌ക്കെതിരെയുള്ള കേസ് ഈയടുത്ത ദിവസമാണ് റദ്ദാക്കിയത്. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മാരക ലഹരി വസ്തുവായ എംഡിഎംഎ ഉപയോഗിക്കുന്ന ദൃശ്യങ്ങളും അത് പ്രോത്സാഹിപ്പിക്കുന്ന സംഭാഷണങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നതിനാലാണ് എക്‌സൈസ് വകുപ്പ് കേസ് എടുത്തത്.

തുടര്‍ന്ന് ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം പിന്‍വലിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസ് റദ്ദാക്കിയെന്നും ഇനി ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമെന്നും ഒമര്‍ പ്രഖ്യാപിച്ചത്. ഇങ്ങനെ കേസ് എടുക്കുകയാണെങ്കില്‍ പല സിനിമകള്‍ക്കെതിരെയും കേസ് എടുക്കണം എന്ന് പറയുകയാണ് ഒമര്‍ ലുലു.

പ്രസ് മീറ്റിനിടയില്‍ സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ”സിനിമയിലെ ഏറ്റവും വലിയ പ്ലോട്ട് റിവഞ്ച് ഒക്കെയാണ്. അങ്ങനെയാണെങ്കില്‍ പൊലീസുകാര്‍ അതിനെതിരെ കേസ് എടുക്കണ്ടേ? നായകന്റെ അമ്മയെ കൊന്നു അല്ലെങ്കില്‍ പെങ്ങളെ കൊന്നു, പിന്നെ നായകന്‍ തിരിച്ചു കൊല്ലുന്നു.”

”അങ്ങനെയാണെങ്കില്‍ എല്ലാ സിനിമയ്‌ക്കെതിരെയും കേസ് എടുക്കണം. ഇപ്പോ സാഗര്‍ ഏലിയാസ് ജാക്കി, കള്ളക്കടത്ത് നടത്തുന്നു, അതിനെതിരെ കേസ് എടുക്കണ്ടേ. സിനിമയെ സിനിമയായി കണ്ടാല്‍ മാത്രമേ നമുക്ക് എന്റര്‍ടെയ്ന്‍ ചെയ്ത് പോകാന്‍ പറ്റൂള്ളു” എന്നാണ് ഒമര്‍ ലുലു പറയുന്നത്.

അതേസമയം, മാര്‍ച്ച് 20ന് ആണ് നല്ല സമയം സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിക്കുക. ഇര്‍ഷാദാണ് ചിത്രത്തില്‍ നായകന്‍. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാരായി എത്തിയത്.