ഞാനല്ല അനീഷിനെ ചീത്ത വിളിച്ചത്, ദയവായി എന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്..; വിശദീകരണവുമായി ഒമര്‍ ലുലു

നടന്‍ അനീഷ് ജി. മേനോനെ ചീത്ത വിളിച്ച സംവിധായകന്‍ താന്‍ അല്ലെന്ന് ഒമര്‍ ലുലു. അനീഷ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ അഭിമുഖത്തില്‍ കരിയറിലെ ഒരു ഘട്ടത്തില്‍ താന്‍ അപമാനിക്കപ്പെട്ടതും ഒരു സംവിധായകന്‍ തന്നെ ചീത്ത വിളിച്ച് ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിട്ടതായും അനീഷ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ആ സംവിധായകന്‍ ഒമര്‍ ലുലു ആണെന്ന രീതിയില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയത്. ഇതോടെയാണ് വിശദീകരണവുമായി ഒമര്‍ രംഗത്തെത്തിയത്. ”സിനിമയില്‍ അവസരം ചോദിച്ച് പോയ അനീഷ് ജി. മേനോനെ ചീത്ത വിളിച്ച സംവിധായകന്‍ ഞാനാണെന്ന ടാഗുകള്‍ കണ്ടു. അനീഷ് ചോദിക്കാതെ തന്നെ എന്റെ സിനിമയില്‍ അവസരം കൊടുത്ത വ്യക്തിയാണ് ഞാന്‍.”

”ഇപ്പോഴും അനീഷും ഞാനും നല്ല സുഹൃത്തുക്കളാണ് ദയവ് ചെയ്ത് എന്റെ പേര് ഈ വിവാദത്തില്‍ വലിച്ചിഴയ്ക്കരുത്” എന്നാണ് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. പുതുമുഖങ്ങളെ വച്ച് സിനിമ ചെയ്ത സംവിധായകന്‍ തന്നെ ചീത്ത വിളിച്ച് ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിട്ടുണ്ട് എന്നായിരുന്നു അനീഷ് പറഞ്ഞത്.

”ചില ആളുകള്‍ നമ്മളെ കൃത്യമായി അവോയ്ഡ് ചെയ്തിട്ടുണ്ട്. മുഴുവന്‍ പുതുമുഖങ്ങള്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ഒരു സിനിമ വലിയ ഹിറ്റായി നില്‍ക്കുന്ന സമയാണ്. എനിക്ക് അന്നും ഇന്നും അദ്ദേഹത്തോട് വലിയ ആരാധനയാണ്. ദൃശ്യം ഒക്കെ കഴിഞ്ഞ് ഒരു സ്വീകാര്യതയൊക്കെ ലഭിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ പോകുന്നത്.”

”ആ സംവിധായകന്റെ അസോസിയേറ്റും പ്രൊഡക്ഷന്‍ കണ്‍ട്രോളറും പറഞ്ഞത് അനുസരിച്ചാണ് എന്റെ യാത്ര. പുതിയ സിനിമയില്‍ എന്തെങ്കിലും അവസരം ചോദിക്കുക എന്നതാണ് ലക്ഷ്യം. പക്ഷേ വീട്ടില്‍ എത്തിയപ്പോള്‍ എന്നോട് വളരെ മോശമായി അദ്ദേഹം പെരുമാറി. ആര് പറഞ്ഞിട്ടാണ് വന്നത് എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടത്.”

”മോശം വാക്കുകളൊക്കെ ഉപയോഗിച്ചു. അദ്ദേഹം എഴുതുന്ന സമയം വല്ലതുമൊക്കെയാകും. എങ്കിലും വളരെ മോശമായാണ് എന്നോട് സംസാരിച്ചത്. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇവിടെ പറയാന്‍ കഴിയില്ല. ഏറെ വിഷമത്തോടെയാണ് അന്ന് അവിടെ നിന്നും ഇറങ്ങിയത്” എന്നായിരുന്നു അനീഷ് ജി. മേനോന്‍ പറഞ്ഞത്.

Read more