തന്റെ സിനിമയ്‌ക്കെതിരെയുള്ള കേസിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് സംവിധായകന്‍ ഒമര്‍ ലുലു. എക്‌സൈസ് കേസ് എടുത്തതിന് പിന്നാലെ ‘നല്ല സമയം’ എന്ന സിനിമ തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരിക്കുകയാണ്. ഇനി പുറത്തിറങ്ങാനിരിക്കുന്ന തന്റെ സിനിമകള്‍ക്ക് എല്ലാം ഇതേ വിധി വരുമോ എന്ന ആശങ്കയുണ്ടെന്നും ഒമര്‍ ലുലു പറയുന്നു.
ഇന്ന് സിനിമയുടെ പ്രദര്‍ശനം നേരത്തെ ചാര്‍ട്ട് ചെയ്തിട്ടുള്ളതു കൊണ്ട് അത് നടക്കും. നാളെ മുതല്‍ പ്രദര്‍ശനമില്ല. വിതരണക്കാരെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇത് നഷ്ടമാണ്. പക്ഷേ അത് കാര്യമാക്കുന്നില്ല. നമ്മള്‍ കാരണം സമൂഹം വഴിതെറ്റുന്നു എന്നാണ് പറയുന്നത്.
കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. വിധി വന്ന ശേഷം ഇനി ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. ഈ സിനിമയ്‌ക്കെതിരെ വരുന്ന ഇത്തരം ആരോപണങ്ങള്‍ വിഷമിപ്പിക്കുന്നതാണ്. യുവാക്കള്‍ക്ക് സിനിമ ഇഷ്ടമാകുന്നുണ്ട്. സിനിമയെ സിനിമയായി കാണാത്തവര്‍ക്കാണ് പ്രശ്‌നം.
സിനിമ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നല്ലേ പറയുന്നത്. പീഡന രംഗമുള്ള സിനിമകള്‍ പീഡനത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണോ? തീര്‍ച്ചയായും ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ട്. ഇത്തരം രംഗങ്ങളുള്ള മറ്റ് പല സിനിമകളും ഇവിടെ ആരാധകരുടെ പിന്തുണയോടെ പ്രദര്‍ശിപ്പിക്കുന്നു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്ള ആളല്ല താന്‍. പലരും നിലനില്‍പ്പിന് വേണ്ടി രാഷ്ട്രീയം പറയുന്നു. താന്‍ പാര്‍ട്ടി നോക്കാതെ പറയുന്നു. എല്ലാവരെയും സുഖിപ്പിച്ച് നില്‍ക്കുന്നവര്‍ക്കേ നിലനില്‍പ്പുള്ളൂ. ഇനി തന്റെതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകളുടെയും വിധി സമാനമായിരിക്കില്ലേ എന്ന് ആശങ്ക ഉണ്ട് എന്നാണ് ഒമര്‍ ലുലു മനോരമയോട് പ്രതികരിച്ചിരിക്കുന്നത്.