Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ നായികയാക്കിയപ്പോള്‍ ഒമറിന് തെറ്റിയില്ല; ഞൊടിയിടയില്‍ തരംഗമായി മാറി പ്രിയ വാര്യര്‍

, 9:18 pm

അനു ചന്ദ്ര

അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനം പുറത്തിറങ്ങിയിട്ട് ഏതാനും മണിക്കൂറുകളെ ആയിട്ടുള്ളു. പക്ഷെ, ഇതിനോടകം സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കി കഴിഞ്ഞു പ്രിയ വാര്യര്‍ എന്ന ചിത്രത്തിലെ നായികമാരില്‍ ഒരാള്‍. സിനിമ ഗ്രൂപ്പുകളിലും പേജുകളിലും നിറയെ പ്രിയ പുരികം പൊക്കുന്നതിന്റെയും കണ്ണ് അടയ്ക്കുന്നതിന്റെയും ചിത്രങ്ങളാണ്.

ഒഡീഷന്‍ വഴി അഡാര്‍ ലൗവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് പ്രിയ. ചെറിയൊരു റോള്‍ ചെയ്യാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് എത്തിയത്. പിന്നീട് ഒമര്‍ നായികമാരില്‍ ഒരാളിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന സീന്‍ താന്‍ ആദ്യമായി അഭിനയിച്ച സീനാണെന്ന് പ്രിയ സൗത്ത്‌ലൈവിനോട് പറഞ്ഞു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി വന്ന ആളുകളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഉയര്‍ത്താനായി ഒമര്‍ സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് നേരത്തെ സൗത്ത്‌ലൈവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരക്കഥ മാറ്റി എഴുതുന്നതിനായിട്ടാണ് ഒമര്‍ ഷൂട്ടിംഗിന് ബ്രേക്ക് നല്‍കിയിരിക്കുന്നത്.

തങ്ങള്‍ക്കായി ഒമര്‍ തിരക്കഥ മാറ്റി എഴുതുന്നു എന്നത് ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും ഇപ്പോള്‍ വലിയ സന്തോഷമായെന്നും പ്രിയ പറഞ്ഞു. ഒമര്‍ക്കയുടെ ലൊക്കേഷന്‍ ഭയങ്കര രസമാണെന്നും ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നെതന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. സെറ്റിലാകെ സെലിബ്രേറ്ററി മൂഡായത് കൊണ്ട് തന്നെ വലിയ ടെന്‍ഷനൊന്നും തോന്നിയില്ലെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.

‘അഡാര്‍ ലവിലെ പാട്ട് പുറത്തുവന്നതിന് പിന്നാലെ എനിക്ക് മെസേജുകളുടെ ബഹളമാണ്. എന്നെ സംബന്ധിച്ച് അത് വലിയ എക്‌സൈറ്റ്‌മെന്റാണ് സമ്മാനിക്കുന്നത്. എന്റെ ആദ്യത്തെ സിനിമയാണിത്. ഇതിന് മുന്‍പ് ചില ഷോര്‍ട്ട് ഫിലിമിലും മ്യൂസിക് ആല്‍ബത്തിലും മറ്റും അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ വേറെ അഭിനയ പരിചയമൊന്നുമില്ല. പത്താം ക്ലാസ് വരെ ഡാന്‍സ് പഠിച്ചിരുന്നു, ഇപ്പോ പാട്ടും പഠിക്കുന്നുണ്ട്’ – പ്രിയ പറഞ്ഞു.

പ്രിയയെക്കുറിച്ച് കൂടുതല്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ വന്ന മറുപടി ഇങ്ങനെ

ഞാന്‍ തൃശൂര്‍കാരിയാണ്. തൃശൂര്‍ പൂങ്കുന്നത്താണ് വീട്. ഇവിടെ തന്നെ വിമല കോളേജില്‍ ബി.കോം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയാണ്. പിന്നെ പേരന്റ്സ് ആണ് അഭിനയത്തിലെല്ലാം ഫുള്‍ സപ്പോര്‍ട്ട്. അച്ഛന്‍, ‘അമ്മ, അനിയന്‍ ഇതാണ് കുടുംബം.

Advertisement