രാഷ്ട്രീയം നല്ല വാക്കാണ്, ആര്‍എസ്എസിന്റെ വിശാലതയാണ് എന്നെ ഈ പരിപാടിയില്‍ എത്തിച്ചത്: ഔസേപ്പച്ചന്‍

രാഷ്ട്രീയം നല്ല വാക്കാണെന്നും എന്നാല്‍ കേരളത്തില്‍ അതിന്റെ അര്‍ത്ഥം വേറെയാണെന്നും സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. കഴിഞ്ഞ ദിവസം ആര്‍എസ്എസിന്റെ വിജയദശമി പഥസഞ്ചലന പൊതുപരിപാടിയില്‍ അധ്യക്ഷത വഹിച്ചു കൊണ്ടാണ് ഔസേപ്പച്ചന്‍ സംസാരിച്ചത്.

ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ തന്റെ പേര് പറഞ്ഞപ്പോള്‍ സംഘടനയിലെ എല്ലാവരും കയ്യടിച്ച് സ്വീകരിച്ചുവെങ്കില്‍ അത് ആര്‍എസ്എസിന്റെ വിശാലതയാണ്. അച്ചടക്കമാണ് സംഘപ്രവര്‍ത്തകരിലെ ശ്രദ്ധേയമായ കാര്യം. സംഗീതത്തിലും അതിന് വലിയ പ്രാധാന്യമുണ്ട്.

മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനായി വിവാഹം പോലും വേണ്ടെന്നും വച്ച് ജീവിതം സമര്‍പ്പിച്ചവരെ വിശുദ്ധര്‍ എന്നാണ് വിളിക്കേണ്ടത്. സാങ്കേതിക വളര്‍ച്ച കൊണ്ട് മനുഷ്യര്‍ പരസ്പരമുള്ള ആശയവിനിമയം ഇല്ലാതെ പോകുന്ന കാലമാണിത് എന്നാണ് ഔസേപ്പച്ചന്‍ പറഞ്ഞത്.