അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് കലാ-കായിക സാംസ്കാരിക രംഗത്തുനിന്നും നിരവധി പേരാണ് പങ്കെടുത്തത്. അമിതാഭ് ബച്ചൻ, രജനികാന്ത്, അഭിഷേക് ബച്ചൻ, അനുപം ഖേർ, വിവേക് ഒബ്‌റോയ്, രൺബീർ കപൂർ, വൈകി കൗശൽ, ജാക്കി ഷ്‌റോഫ്, ആയുഷ്മാൻ ഖുറാന, പവൻ കല്യാൺ, ഷെഫാലി ഷാ, ജാക്കി ഷ്‌റോഫ്, മാധുരി ദീക്ഷിത്, ഭർത്താവ് ശ്രീറാം മാധവ് നൈനെ, ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങീ വൻ താരനിരയാണ് അയോദ്ധ്യയിൽ എത്തിച്ചേർന്നത്.
തമിഴ്നാട്ടിൽ നിന്നും രജനികാന്തും, ധനുഷും ചടങ്ങിൽ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ നിരവധി വിമർശനങ്ങളാണ് ഇരുവർക്ക് നേരെയും ഉയർന്നുവരുന്നത്. ഇപ്പോഴിതാ രജനികാന്തിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പാ രഞ്ജിത്ത്
“500 വർഷം പഴക്കമുള്ള പ്രശ്നത്തിന്റെ പരിസമാപ്തിയാണ് ഇതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഈ പ്രശ്നത്തിന് പിന്നിലെ രാഷ്ട്രീയത്തെ നമ്മൾ ചോദ്യം ചെയ്യേണ്ടതുണ്ട്.” എന്നാണ് പാ രഞ്ജിത്ത് പ്രതികരിച്ചത്.
അതേസമയം രാമക്ഷേത്ര പ്രതിഷ്ഠാദിനാവുമായി ബന്ധപ്പെട്ട് മലയാളത്തിൽ നിന്നും നിരവധി താരങ്ങളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. സംവിധായകൻ അമൽ നീരദ് ബാബരി മസ്ജിദിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രതികരിച്ചത്. നടൻ ഷെയ്ൻ നിഗം ഡോ. ബി. ആർ അംബേദ്കറുടെ പ്രസംഗം പങ്കുവെച്ചിരുന്നു.