തങ്കലാൻ ക്ലൈമാക്സ് റീഷൂട്ട് ചെയ്യേണ്ടി വന്നു, വിക്രത്തിന് ഇടുപ്പെല്ലിന് പരിക്കേറ്റിരുന്നു; വെളിപ്പെടുത്തി പാ രഞ്ജിത്ത്

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോലാർ ഗോൾഡ് ഫാകടറിയിൽ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കലാൻ’. വിക്രമാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന പിരിയഡ്- ഡ്രാമ ചിത്രമായതുകൊണ്ട് തന്നെ തെന്നിന്ത്യൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തങ്കലാൻ.

Image

ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്സിലെ ചില സംഘട്ടന രംഗങ്ങൾ വീണ്ടും ചിത്രീകരിക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ പാ രഞ്ജിത്ത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞതിന് ശേഷമാണ് ചില രംഗങ്ങൾ വീണ്ടും ഷൂട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നതെന്നും എന്നിട്ടും റീഷൂട്ടിന്റെ കാര്യം പറഞ്ഞപ്പോൾ വിക്രം ഉടനെ സമ്മതിച്ചുവെന്നും പാ രഞ്ജിത് പറയുന്നു.

Image

“സിനിമയുടെ ചിത്രീകരണത്തിനു ശേഷം ക്ലൈമാക്സിലെ ചില ഭാഗങ്ങൾ വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നു. ആ സമയത്തിനുള്ളിൽ അദ്ദേഹം മറ്റൊരു ലോകത്തിലായിക്കഴിഞ്ഞു. എന്നിട്ടും റീഷൂട്ടിന്റെ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം ഉടനെ സമ്മതിച്ചു. ഷൂട്ടിനിടയിൽ അദ്ദേഹത്തിന്റെ ഇടുപ്പെല്ലിന് പരിക്കേറ്റിരുന്നു. ഒരു സ്റ്റണ്ട് ചെയ്യുന്നതിനിടയിലായിരുന്നു അത്. സ്റ്റണ്ട് ഷൂട്ട് ചെയ്യുമ്പോൾ ഞാൻ മോണിറ്ററിൽ മാത്രമെ നോക്കൂ. ആക്ഷൻ എന്നു പറയുമ്പോൾ ഒരു സീക്വൻസ് നടക്കും. കട്ട് വിളിച്ചാൽ ഉടനെ സെറ്റിലുള്ള എന്റെ സഹായികളെ വിളിക്കും.

എന്നിട്ടും പറയും, അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചോ എന്ന് നോക്കി വരാൻ! അദ്ദേഹം ഓകെ പറഞ്ഞെന്നായിരിക്കും എന്നോട് അവർ വന്നു പറയുക. എന്നാൽ, എനിക്കറിയാം അദ്ദേഹത്തിന് നല്ല വേദന എടുത്തിരിക്കും എന്ന്. പക്ഷേ, ഒരു തവണ കൂടി ചെയ്യാമെന്നു പറഞ്ഞാലും അദ്ദേഹം ഓകെ പറയും. അത്രയും ഞാൻ അദ്ദേഹത്തെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. അതിന് ഞാനിപ്പോൾ ക്ഷമ ചോദിക്കുന്നു

തങ്കലാൻ ആയിട്ടാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. മനസിൽ കണ്ടപോലെ അതെടുക്കാനായിരുന്നു എന്റെ ശ്രമം. അതിൽ വിക്രം സാറിന്റെ പിന്തുണ വലുതാണ്. സ്വന്തം സിനിമ പോലെയാണ് അദ്ദേഹം ഈ സിനിമയെ ചേർത്തുപിടിക്കുന്നത്. ഈ സിനിമയിൽ അത്രയ്ക്കും വിശ്വാസം അദ്ദേഹത്തിനുണ്ട്. എന്റെ മേലും വലിയ വിശ്വാസം അദ്ദേഹത്തിനുണ്ട്. അത്രയും എന്നെ വിശ്വസിക്കുന്ന അദ്ദേഹത്തിന് വലിയൊരു വിജയം എനിക്കു സമ്മാനിക്കണമെന്നുണ്ട്. ഈ ചിത്രം വർക്കാകും എന്നതാണ് എന്റെ പ്രതീക്ഷയും വിശ്വാസവും.” എന്നാണ് തങ്കലാൻ റൌണ്ട് ടേബിൾ അഭിമുഖത്തിൽ പാ രഞ്ജിത്ത് പറഞ്ഞത് .

ചിത്രത്തിന്റെ ട്രെയ്​ലറിന് ഗംഭീര പ്രതികരങ്ങളാണ് ലഭിച്ചത്. പുറത്തുവിട്ട ആദ്യ ഗാനത്തിനും മികച്ച പ്രശംസകളാണ് ലഭിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ചിയാൻ വിക്രമിന്റെ ഗംഭീര പ്രകടനമായിരിക്കും ചിത്രത്തിലേതെന്ന് ട്രെയ്​ലർ ഉറപ്പ് തരുന്നുണ്ട്. പിരിയഡ്- ആക്ഷൻ ചിത്രമായ തങ്കലാൻ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറാനുള്ള സാധ്യതകളാണ് ട്രെയ്​ലറിൽ കാണുന്നത്. ആഗസ്റ്റ് 15 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

അതേസമയം പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്.