തങ്കലാൻ ട്രെയ്‌ലറിൽ ഉള്ളത് ബുദ്ധ പ്രതിമയല്ല, അത് മറ്റൊന്നാണ്: പാ രഞ്ജിത്ത്

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോലാർ ഗോൾഡ് ഫാകടറിയിൽ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കലാൻ’. വിക്രമാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന പിരിയഡ്- ഡ്രാമ ചിത്രമായതുകൊണ്ട് തന്നെ തെന്നിന്ത്യൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തങ്കലാൻ.

ചിത്രത്തിന്റെ ട്രെയ്​ലറിന് ഗംഭീര പ്രതികരങ്ങളാണ് ലഭിച്ചത്. പുറത്തുവിട്ട ആദ്യ ഗാനത്തിനും മികച്ച പ്രശംസകളാണ് ലഭിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ചിയാൻ വിക്രമിന്റെ ഗംഭീര പ്രകടനമായിരിക്കും ചിത്രത്തിലേതെന്ന് ട്രെയ്​ലർ ഉറപ്പ് തരുന്നുണ്ട്. പിരിയഡ്- ആക്ഷൻ ചിത്രമായ തങ്കലാൻ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറാനുള്ള സാധ്യതകളാണ് ട്രെയ്​ലറിൽ കാണുന്നത്. ആഗസ്റ്റ് 15 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലറിൽ കാണിച്ചിരിക്കുന്നത് ബുദ്ധ പ്രതിമ അല്ലെന്നാണ് പാ രഞ്ജിത്ത് പറയുന്നത്. സിനിമ നടക്കുന്ന കാലഘട്ടം അതായതുകൊണ്ട് തന്നെ ബുദ്ധ പ്രതിമ കാണിക്കുന്നതിൽ ലോജിക് ഉണ്ടാവില്ലെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും പാ രഞ്ജിത് വ്യക്തമാക്കുന്നു.

“ട്രെയ്‌ലറിൽ കാണിച്ചിരിക്കുന്നത് ബുദ്ധന്റെ പ്രതിമയാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. അത് മുനീശ്വരന്റെ പ്രതിമയാണ്. ഈ സിനിമയിൽ ബുദ്ധന്റെ പ്രതിമ കാണിക്കാൻ പറ്റില്ല എന്ന ലോജിക് ആദ്യമേ അറിയാമായിരുന്നു. പകരം എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് എന്റെ കുട്ടിക്കാലത്ത് കേട്ട മുനിയുടെ കഥ മനസിൽ വന്നത്.

അന്നത്തെ കാലത്ത് എല്ലാവർക്കും ഒരുപോലെ പേടിയും ബഹുമാനവും ഉള്ള ഒരാളാണ് മുനി. അപ്പോൾ ആ ഒരു കാര്യം ഈ സിനിമയുടെ കഥ നടക്കുന്ന കാലത്തും ഉണ്ടായിരുന്നു എന്ന് കാണിക്കാൻ വേണ്ടിയാണ് മുനിയുടെ പ്രതിമ ഈ സിനിമയിൽ ഉപയോഗിച്ചത്. അതിന് ബുദ്ധനുമായി സാമ്യം വന്നുവെന്ന് മാത്രമോയുള്ളൂ. വേറൊന്നുമില്ല.” എന്നാണ് തങ്കലാൻ റൌണ്ട് ടേബിൾ അഭിമുഖത്തിൽ പാ രഞ്ജിത്ത് വ്യക്തമാക്കിയത്.

അതേസമയം പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്.