40 രൂപയും 20 മിനിറ്റും മാത്രമെടുത്ത് കൊച്ചി മെട്രോ എന്നെ ഇടപ്പള്ളിയില്‍ എത്തിച്ചു... : കുറിപ്പ് പങ്കുവെച്ച് സംവിധായകന്‍

കൊച്ചി മെട്രോയ്ക്ക് നന്ദി അറിയിച്ച് സംവിധായകന്‍ എം പത്മകുമാര്‍. പനമ്പള്ളി നഗറില്‍ നിന്ന് ഇടപ്പള്ളിയിലേക്ക് അത്യാവശ്യത്തിന് എത്തേണ്ടിവന്നപ്പോള്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് ആവശ്യപ്പെട്ടത് 370 രൂപയും 70 മിനിറ്റുമാണെന്ന് പത്മകുമാര്‍ പറയുന്നു. എന്നാല്‍ കൊച്ചി മെട്രോയില്‍ 40 രൂപയ്ക്ക് 20 മിനിറ്റ് സമയത്തില്‍ താന്‍ ഇടപ്പള്ളിയില്‍ എത്തിയെന്ന് പത്മകുമാര്‍ പറയുന്നു

പത്മകുമാറിന്റെ കുറിപ്പ്

കൊച്ചി മെട്രോയില്‍ ഇന്ന് ആദ്യമായല്ല ഞാന്‍ യാത്ര ചെയ്യുന്നത്. പക്ഷെ ഈ കുറിപ്പ് കൊച്ചി മെട്രോയ്ക്ക് ഹൃദയം കൊണ്ട് ഞാന്‍ പ്രകാശിപ്പിക്കുന്ന ഒരു സ്‌നേഹവും നന്ദിയും കൂടിയാണ്. കുറച്ചു നാളായി കൊച്ചിയില്‍ ജീവിച്ചു വരുന്ന എല്ലാവര്‍ക്കുമറിയാം, ഓരോ ദിവസവും വര്‍ദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്കും യാത്രക്ലേശങ്ങളും.. ഇന്നലെ വൈകിട്ട് 6.30 ന് പനമ്പിള്ളിനഗറില്‍ നിന്ന് എനിക്ക് 7മണിക്ക് ഇടപ്പള്ളി എത്തിച്ചേരേണ്ട അത്യാവശ്യം.

ഒരു ഊബര്‍ ടാക്‌സിയാണ് try ചെയ്തത്.. 370 രൂപയും 70 മിനിറ്റ് സമയവും ആണ് ആവശ്യപ്പെട്ടത്. അതു നല്‍കാന്‍ കഴിയാത്തതു കൊണ്ട് കടവന്ത്ര സ്റ്റേഷനില്‍ നിന്ന് മെട്രോ കയറി. 40 രൂപയും 20 മിനിറ്റും മാത്രമെടുത്ത് കൊച്ചി മെട്രോ എന്നെ ഇടപ്പള്ളിയില്‍ എത്തിച്ചു…

ആവശ്യമാണ് ഉല്‍പ്പന്നത്തിന്റെ വില നിശ്ചയിക്കുന്നത് എന്ന തിയറി കടമെടുത്താല്‍ 40 അല്ല, അതിന്റെ പത്തിരട്ടിയാണ് മെട്രോയ്ക്ക് ഞാന്‍ നല്‍കേണ്ടത്.. പൊതുഗതാഗതത്തിന്റെ മേന്മയും അത് ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സ്വന്തം അനുഭവത്തിലൂടെ ഞാന്‍ പങ്കുവെക്കുന്നു, ഒരിക്കല്‍ കൂടി നന്ദി, സ്‌നേഹം.. പ്രിയപ്പെട്ട കൊച്ചി മെട്രോ..

Read more