സിനിമയിലെ കാസ്റ്റിംഗ് കൗച്ച് എന്നത് എപ്പോഴും ചർച്ചയാവുന്ന വിഷയമാണ്. ഇപ്പോഴിതാ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും നടി പത്മപ്രിയയ്ക്ക് ഒരു സിനിമ സെറ്റിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് തമിഴ് സിനിമയിലെ പ്രമുഖ കാസ്റ്റിംഗ് ഡയറക്ടർ മനോജ് കൃഷ്ണ.
സിനിമയിൽ ഇതുവരെ നാല്പതോളം നടിമാരെയാണ് മനോജ് കൃഷ്ണ സിനിമയിലേക്ക് കൊണ്ടുവന്നത്. സിനിമയിൽ ശ്രദ്ധിക്കപ്പെടാൻ സമയമെടുക്കുമെന്നും അതിന് തയ്യാറാവാതെ വന്നയുടനെ താരമാകാണമെന്ന് കരുതുന്നവർക്കാണ് അഡ്ജസ്റ്റ്മെന്റുകൾക്ക് വഴങ്ങേണ്ടി വരുന്നതെന്ന് മനോജ് കൃഷ്ണ പറയുന്നു.
“പത്മപ്രിയക്ക് നടന്ന സംഭവം നിരവധി പേർക്ക് അറിയാം. ഒരു സിനിമയ്ക്ക് ഔട്ട് ഡോർ ഷൂട്ടിന് പോയപ്പോൾ അവരെ ഒരുപാട് ടോർച്ചർ ചെയ്തു. ഞാനായിരുന്നു അന്ന് മാനേജർ. സംവിധായകരും സുഹൃത്തുക്കളും ചേർന്ന് ഒരുപാട് വിഷയങ്ങളിൽ നടിയെ ടോർച്ചർ ചെയ്തു. എന്നാൽ അവർ സഹകരിക്കാത്തതിന്റെ ദേഷ്യത്തിന് അവസാനത്തെ ഷൂട്ടിംഗ് ദിവസം ആ സംവിധായകൻ നടിയെ വിളിച്ച് അടിച്ചു. അത് വലിയ പ്രശ്നമായി. പത്ത് നിമിഷത്തിനുള്ളിൽ പത്മപ്രിയ എന്നെ ഫോൺ ചെയ്തു
വിവരങ്ങളെല്ലാം പറഞ്ഞു. ഉടനെ ഞാൻ അസോസിയേഷനും പ്രൊഡ്യൂസേർസ് കൗൺസിലിനും ഫോൺ ചെയ്തു. അര മണിക്കൂറിനുള്ളിൽ ഷൂട്ടിംഗ് നിന്നു. സംവിധായകനെക്കൊണ്ട് മാപ്പ് പറയിക്കുകയും ഒപ്പം ഒന്നര വർഷം സംവിധാനം ചെയ്യുന്നതിൽ നിന്നും വിലക്കി ആക്ഷനും എടുത്തു. തന്റെയും സംഘടനയുടെയും ശക്തമായ ഇടപെടൽ അന്ന് ഉണ്ടായതുകൊണ്ടാണ് ഇത്തരം നടപടി ഉണ്ടായത്.” ഇന്ത്യഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് മനോജ് കൃഷ്ണ ഇങ്ങനെ പറഞ്ഞത്.