മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. 2006- ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആ വർഷം തന്നെ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസ് ചിത്രം ‘നോട്ട്ബുക്കിലും’ മികച്ച പ്രകടനമായിരുന്നു പാർവതി കാഴ്ചവെച്ചത്. പിന്നീട് തമിഴ്, കന്നഡ തുടങ്ങീ ഭാഷകളിലും പാർവതി സജീവമായിരുന്നു. 2025-ൽ പുറത്തിറങ്ങിയ അഞ്ജലി മേനോൻ ചിത്രം ‘ബാംഗളൂർ ഡെയ്സി’ലൂടെയാണ് പിന്നീട് കരിയറിൽ വലിയൊരു ബ്രേക്ക്ത്രൂ പാർവതിക്ക് ലഭിക്കുന്നത്. പൃഥ്വിരാജിനൊപ്പം ‘എന്ന് നിന്റെ മൊയ്ദീൻ’ എന്ന ചിത്രത്തിൽ കാഞ്ചനമാലയായി ഗംഭീര പ്രകടനമായിരുന്നു പാർവതി കാഴ്ചവെച്ചത്.
ഇപ്പോഴിതാ തന്റെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പാർവതി തിരുവോത്ത്. അനുഭവങ്ങളും വേദനകളും കൂടുന്നതിന് അനുസരിച്ച് കഥാപാത്രങ്ങളെ കുറച്ചു കൂടെ മനസിലാക്കാന്‍ സാധിക്കുമെന്നാണ് പാർവതി പറയുന്നത്.
“എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമ ഷൂട്ട് ചെയ്യുന്നത് 2015ലാണെന്നാണ് എനിക്ക് തോന്നുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അത്. ആ സിനിമയുടെ സമയത്തുള്ള ഞാനല്ല ഇപ്പോഴുള്ളത്. നമുക്ക് എത്രത്തോളം ജീവിതാനുഭവമാണോ ഉള്ളത് അത്രമാത്രമേ ഒരു സിനിമയിലെ കഥാപാത്രത്തിലേക്ക് കൊടുക്കാന്‍ സാധിക്കുള്ളു. അനുഭവങ്ങള്‍ കൂടുന്നതിന് അനുസരിച്ച് അല്ലെങ്കില്‍ വേദന കൂടുന്നതിന് അനുസരിച്ച് നമുക്ക് കഥാപാത്രങ്ങളെ കുറച്ചു കൂടെ മനസിലാക്കാന്‍ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.
ഉയരെയിലെ കഥാപാത്രമാണെങ്കിലും ടേക്ക് ഓഫിലെ സമീറയാണെങ്കിലും എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാല ആണെങ്കിലും ചാര്‍ളിയിലെ ടെസയാണെങ്കില്‍ പോലും അങ്ങനെയാണ്. ചാര്‍ളിയൊക്കെ ഇപ്പോഴാണ് എനിക്ക് വരുന്നതെങ്കില്‍ ഞാന്‍ അഭിനയിക്കുന്നത് മറ്റൊരു രീതിയിലാകും. അതുകൊണ്ടാകും ഉള്ളൊഴുക്കിലെ അഞ്ചു കൃത്യ സമയത്താണ് വന്നതെന്ന് എനിക്ക് തോന്നുന്നത്.” എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞത്.
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ ആണ് പാർവതിയുടെ ഏറ്റവും പുതിയ ചിത്രം. പാർവതിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഉള്ളൊഴുക്കിലെ അഞ്ജു. അതേസമയം കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ ഒരു കുടുംബത്തിൻ്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്.
എന്നാൽ വെള്ളം കുറയാൻ വേണ്ടി അവർ കാത്തിരിക്കുമ്പോൾ കുടുംബത്തിൻ്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകൾ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.
2018-ൽ സിനിസ്ഥാൻ വെബ് പോർട്ടൽ മികച്ച തിരക്കഥകൾ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ. ‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്നായിരുന്നു ചിത്രത്തിന്റെ പ്രൊമോഷണൽ ടാഗ് ലൈൻ. ഒരിടവേളയ്ക്ക് ശേഷം പാർവതി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.