കസബ പോലുള്ള സിനിമയിലെ പ്രശ്നം വീണ്ടും ആവര്‍ത്തിക്കുന്നു, അതിനെ ഇനിയും എതിര്‍ക്കും: പാര്‍വതി തിരുവോത്ത്

കസബ പോലുള്ള സിനിമയിലെ പ്രശ്നം വീണ്ടും ആവര്‍ത്തിക്കുന്നുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. കോഴിക്കോട് ആനക്കുളം സാംസ്‌കാരിക കേന്ദ്രത്തില്‍ പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് വംശഹത്യാ പ്രമേയമാക്കിയുള്ള സിനിമകള്‍ ഉള്‍കൊള്ളിച്ച് സംഘടിപ്പിച്ച “വാച്ച് ഔട്ട് അഖില ഭാരതീയ ആന്റി നാസി” ചലച്ചിത്രമേളയില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. അത്തരം രീതികളെ താന്‍ ഇനിയും എതിര്‍ക്കുമെന്ന് പാര്‍വതി വ്യക്തമാക്കി.

“തെറ്റുതിരുത്തി മുന്നോട്ട് പോകുന്നതിനാല്‍ മറ്റുള്ളവരുടെ സിനിമകളിലെ അനീതികള്‍ തുറന്നു പറയുന്നത് തുടരും. കസബ പോലുള്ള സിനിമയിലെ പ്രശ്നം വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്. അത് ചോദിക്കാനുള്ള അവകാശം എനിക്കിപ്പോഴുമുണ്ട്. എല്ലാത്തരം സ്വത്വങ്ങളെയും ഉള്‍ക്കൊള്ളുന്നവര്‍ക്കേ ഫാസിസത്തിനെതിരെ പോരാടാനാകൂ. എല്ലാത്തരം സ്വത്വങ്ങളെയും കേള്‍ക്കാനും താദാത്മ്യപ്പെടാനും സാധിക്കണം. അവര്‍ക്ക് മാത്രമേ ഫാസിസത്തിനും വംശഹത്യയ്ക്കുമെതിരായ സമരങ്ങളെ വികസിപ്പിക്കാന്‍ സാധിക്കുകയുള്ളൂ” പാര്‍വതി പറഞ്ഞു.

Read more

മലയാള സിനിമയില്‍ ഇസ്ലാമോഫോബിയ ഉണ്ടെന്നും തന്റെ സിനിമകളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നുവെന്നും അതില്‍ ഖേദിക്കുന്നുവെന്നും പാര്‍വതി പറഞ്ഞു. ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറില്ല, പലതും പഠിച്ച് വരുകയാണ്, ഇനിയുള്ള സിനിമകളില്‍ ഇക്കാര്യം കൂടുതല്‍ ശ്രദ്ധിക്കുമെന്നും പാര്‍വതി വ്യക്തമാക്കി.