മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘മലൈകോട്ടൈ വാലിബൻ’ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ മോഹൻലാലിന് വേണ്ടി ഡബ്ബ് ചെയ്തത് സംവിധായകൻ അനുരാഗ് കശ്യപ് ആണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ ജമന്തി എന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടിയും അവതാരികയുമായ പാർവതി ബാബു. വാലിബന്റെ സഹോദരന്റെ ഭാര്യയായ ജമന്തി എന്ന കഥാപാത്രമായാണ് ബംഗാളി നടി കഥ നന്ദി ചിത്രത്തിൽ വേഷമിട്ടത്.
“മലൈക്കോട്ടൈ വാലിബനൊപ്പമുള്ള എന്റെ ഡബ്ബിംഗ് യാത്ര. ഇത്രയും വലിയൊരു പ്രൊജക്റ്റിന്റെ ഭാഗമാവാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു, ചിത്രത്തിലെ ഒരു കഥാപാത്രത്തിനായി ഞാൻ ഡബ്ബ് ചെയ്തു. കത നന്ദി മനോഹരമായി അവതരിപ്പിച്ച ജമന്തി എന്ന കഥാപാത്രത്തിന് ഞാൻ ശബ്ദം നൽകി.
ആ കഥാപാത്രത്തോട് നീതി പുലർത്താനായെന്നും, എന്റെ ശബ്ദത്തിലൂടെ കഥാപാത്രത്തിനു ജീവനേകാൻ കഴിഞ്ഞെന്നും ഞാൻ കരുതുന്നു. മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ സാറിൻ്റെ കോമ്പിനേഷൻ സീനുകൾക്ക് ഡബ്ബ് ചെയ്യാൻ സാധിച്ചതിലും നന്ദിയുണ്ട്. ഇപ്പോഴും അവിശ്വസനീയമായി തോന്നുന്നു.
View this post on Instagram
Read more
ഡബ്ബിങ് ഒരിക്കലും എൻ്റെ ലിസ്റ്റിലോ സ്വപ്നത്തിലോ ഉണ്ടായിരുന്നില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെയും മോഹൻലാലിൻ്റെയും ചിത്രത്തിന് വേണ്ടിയാണ് ഞാൻ ഡബ്ബ് ചെയ്തതെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. എനിക്ക് അവസരം തന്നതിന് ലിജോ ജോസ്, രതീഷ് ചേട്ടൻ എന്നിവർക്ക് ആത്മാർത്ഥമായ നന്ദി.” എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പാർവതി പറയുന്നത്.