തന്റെ പേരില്‍ വിഭാഗീയ സൃഷ്ടിച്ച് പ്രചരിക്കുന്ന പോസ്റ്റ് വ്യാജ പ്രൊഫൈലില്‍ നിന്നാണെന്ന് നടി പാര്‍വതി. ഇന്നലെ മുതലാണ് ഭിന്നിപ്പ് സൃഷ്ടിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് പ്രചരിച്ചത്. തെക്കന്‍ മേഖലയില്‍ നിന്നും വടക്ക് ഭാഗത്തേക്ക് സഹായം ലഭിക്കാത്തത് സൂചിപ്പിച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ പ്രചരിക്കുന്ന പോസ്റ്റ് നിരുത്തരവാദപരവും ഭിന്നിപ്പ് സൃഷ്ടിക്കുന്നതാണെന്നും പോസ്റ്റ് വന്നത് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നുമാണെന്നും നടി പാര്‍വതി വെളിപ്പെടുത്തി. തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കാതെ സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും പാര്‍വതി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
പാര്‍വതിയുടെ ഫേസ്ബുക്ക് കുറിപ്പ്
FAKE PAGE ALERT!
Read more
നമ്മുടെ നാട് വീണ്ടും ഒരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് എന്റേത് എന്ന പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഈ അവസരത്തില്‍ തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകള്‍ക്കിടയില്‍ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകള്‍ ഇടുന്നത് ശ്രദ്ധയില്‍ പെട്ടത്. ഇതറിഞ്ഞയുടനെ പ്രസ്തുത പേജുമായി ഞങ്ങള്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകള്‍ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാം. അതിജീവിക്കാം ഒരിക്കല്‍ കൂടി. ഒരുമിച്ച് !