ഒന്നിനും മറുപടി നല്‍കേണ്ട എന്ന് റിമ പറഞ്ഞു, പക്ഷേ ഉള്ളിലെ മുറിവ് എത്ര ആഴമുള്ളതാണെന്ന് ആ ഘട്ടത്തില്‍ മനസ്സിലാകണമെന്നില്ല: പാര്‍വതി

ഒരുകാലത്ത് സൈബര്‍ ആക്രമണങ്ങളില്‍ താന്‍ ഏറെ തളര്‍ന്നുപോയിരുന്നുവെന്ന് തുറന്നു പറഞ്ഞു നടി പാര്‍വതി തിരുവോത്ത്. ആക്രമണങ്ങള്‍ രൂക്ഷമായിരുന്ന കാലത്ത് അതിജീവനത്തിനായി കുടുംബവുമായി ദുബായില്‍ പോയി നിന്നിട്ടുണ്ടെന്നും നടി ‘ദ ന്യൂസ് മിനിറ്റി’ ന്റെ വുമണ്‍ ഓഫ് പവര്‍ എന്ന പരിപാടിയില്‍ പറഞ്ഞു.

‘റിമയോട് ഇക്കാര്യങ്ങളെല്ലാം സംസാരിച്ചിട്ടുണ്ട്. ഇത്തരം സമയങ്ങളില്‍ ട്വിറ്റര്‍ നോക്കാനേ പോകരുത്. മോശം കമന്റുകള്‍ പറയുന്നവരോട് മറുപടി പറയാന്‍ നില്‍ക്കരുത് എന്നെല്ലാം റിമ പറഞ്ഞു. പക്ഷേ, എന്തിനാണ് അതില്‍ നിന്നെല്ലാം ഓടിയൊളിക്കുന്നത് എന്നായിരുന്നു ചിന്ത.

ചിലതിനെല്ലാം മറുപടി കൊടുത്തു. വീണ്ടും സൈബര്‍ ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ആദ്യമൊന്നും കുഴപ്പമുണ്ടായിരുന്നില്ല. പിന്നീട് അത് മാനസികമായും ശാരീരികമായും ബാധിക്കാന്‍ തുടങ്ങി.
കുടുംബവുമായി കുറച്ചുദിവസം ദുബായിലേക്ക് മാറിനിന്നു. ആദ്യത്തെ മൂന്ന് നാല് മാസം അങ്ങനെതന്നെ പോയി. തുടര്‍ന്ന് ബ്ലഡ് പ്രഷര്‍ കുറയുന്നതായി മനസ്സിലായി.

Read more

മാനസികാരോഗ്യവും മോശമായി. വളരെ സ്‌ട്രോംഗ് ആയതുകൊണ്ട് പെട്ടെന്ന് റിക്കവര്‍ ആകുമെന്നും ഇതൊന്നും ബാധിക്കില്ലെന്നും കരുതി. ഒരു അപകടമുണ്ടായാല്‍ പെട്ടെന്ന് വീണ്ടും നടന്ന് തുടങ്ങുമ്പോള്‍ എല്ലാം ശരിയായെന്ന് കരുതും. ഉള്ളിലെ മുറിവ് എത്ര ആഴത്തിലുള്ളതാണെന്ന് ആ ഘട്ടത്തില്‍ മനസ്സിലാകണമെന്നില്ല. പിന്നീടുള്ള ഒരു വര്‍ഷം വളരെ കടുപ്പമേറിയതായിരുന്നു.’ -അവര്‍ കൂട്ടിച്ചേര്‍ത്തു.