മമ്മൂട്ടി സിനിമയുടെ ഭാഗമാവാന്‍ എനിക്ക് അവസരം കിട്ടിയത് പ്രപഞ്ചത്തിന്റെ ഗൂഢാലോചന: പാര്‍വതി

‘പുഴു’ സിനിമയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് പ്രപഞ്ചത്തിന്റെ ഗൂഢാലോചന ആയാണ് കാണുന്നതെന്ന് പാര്‍വതി തിരുവോത്ത്. മമ്മൂട്ടിയുടെ ‘കസബ’ എന്ന ചിത്രത്തെ കുറിച്ച് പാര്‍വതി നടത്തിയ വിമര്‍ശനവും തുടര്‍ന്നുണ്ടായ സൈബര്‍ അറ്റാക്കും വിവാദമായിരുന്നു.

ഇതിന് ശേഷം പുഴു സിനിമയില്‍ പാര്‍വതി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു. താന്‍ പറഞ്ഞതിനെ തെളിയിക്കാന്‍ പോകുന്നതാണ് പുഴു എന്ന സിനിമ എന്നും പിന്നീട് പാര്‍വതി പറഞ്ഞിരുന്നു. തെറ്റായ വ്യക്തികളെ കാണിക്കുമ്പോള്‍ ഗ്ലോറിഫൈ ചെയ്യാതെ കാണിക്കാന്‍ പറ്റും എന്നുള്ളതിന്റെ ടെസ്റ്റമെന്റാണ് പുഴു സിനിമ എന്നും പാര്‍വതി പറയുന്നത്.

ഹര്‍ഷദിക്ക അത് എഴുതുന്നതും മമ്മൂട്ടിയെ പോലൊരു ആക്ടര്‍ ആ കഥാപാത്രം ഏറ്റെടുത്ത് ചെയ്യാന്‍ തയാറാവുന്നതും ആ സിനിമയുടെ ഭാഗമാവാന്‍ തനിക്ക് അവസരം കിട്ടുന്നതും പ്രപഞ്ചത്തിന്റെ ഗൂഢാലോചന ആയിട്ടാണ് തോന്നിയത്. എല്ലാവരും നല്ല ആളുകളാകണം എന്നല്ല താന്‍ പറഞ്ഞിട്ടുള്ളത്.

പക്ഷേ തെറ്റായ വ്യക്തികളെ കാണിക്കുമ്പോള്‍ അത് ഗ്ലോറിഫൈ ചെയ്യാതെ കാണിക്കാന്‍ പറ്റും എന്നുള്ളതിന്റെ ടെസ്റ്റമെന്റാണ് പുഴു എന്ന സിനിമ. പുളിയോ എരിവോ ഉള്ള മരുന്ന് എന്ത് മധുരത്തില്‍ മുക്കി ചാലിച്ച് കൊടുക്കണമെന്നുള്ളത് മനസിലാക്കാന്‍ പഠിക്കണം.

കുട്ടനെ പോലൊരു കഥാപാത്രമായി സാധാരണ ഇത്തരം റോള്‍ ചെയ്യുന്ന ഒരു ആക്ടറിനെ വെച്ചാല്‍ അതില്‍ പുതുമ എന്താണുള്ളത്. 70 മുതല്‍ 90 ശതമാനം വരെ വില്ലന് സ്പേസ് കൊടുക്കുമ്പോള്‍, ഇഷ്ടപ്പെടുന്ന ഒരു നടനാണെങ്കില്‍ ആദ്യത്തെ രണ്ടുമൂന്ന് സീനില്‍ ഇഷ്ടം തന്നെയാണ് തോന്നുക.

പിന്നെ അയാളുടെ ഓരോരോ ചെയ്തികളും നമുക്ക് തന്നെയാണ് കൊള്ളുക. ഇയാളെന്താ ഇങ്ങനെ ചെയ്യുന്നത് എന്ന് തോന്നും. നമ്മുടെ ഉള്ളില്‍ തന്നെയാണ് ഈ തോന്നലുകള്‍ മാറുക. അതൊരു ട്രോജന്‍ ഹോഴ്സ് ടെക്നിക്കാണ് എന്നാണ് പാര്‍വതി പറയുന്നത്.