കലാകാരന്മാരെ ഭയപ്പെടുത്തി ഇഷ്ടമുള്ള രാഷ്ട്രീയം പറയിപ്പിക്കുക എന്നത് എല്ലാ കാലത്തെയും രാഷ്ട്രീയതന്ത്രം: പാര്‍വതി

“വര്‍ത്തമാനം” സിനിമ ചെയ്തത് ഒരു അഭിനേത്രി എന്ന നിലയില്‍ രാഷ്ട്രീയം സംസാരിക്കാനാണെന്ന് നടി പാര്‍വതി തിരുവോത്ത്. വര്‍ത്തമാനം ദേശീയ രാഷ്ട്രീയത്തെ കുറിച്ചാണ് സംസാരിക്കുന്നത്. പ്രേക്ഷകരാണ് അത് ദേശവിരുദ്ധമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടതെന്നും പാര്‍വതി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

സിനിമയ്‌ക്കെതിരെ സെന്‍സര്‍ ബോര്‍ഡ് അംഗം നടത്തിയ പരസ്യ പ്രതികരണം ഭീഷണിയുടെ സ്വരത്തിലായിരുന്നു. അങ്ങനെ പ്രതികരിക്കാനുള്ള ധൈര്യം എവിടെ നിന്ന് വരുന്നുവെന്ന് അറിയില്ല. അയാള്‍ക്കെതിരെ എന്ത് നടപടിയെടുത്തു എന്നുമറിയില്ല. കലാകാരന്‍മാരെ ഭയപ്പെടുത്തി ഇഷ്ടമുള്ള രാഷ്ട്രീയം പറയിപ്പിക്കുക എന്നത് എല്ലാ കാലത്തെയും രാഷ്ട്രീയ തന്ത്രമാണ്.

സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരെ സിനിമാമേഖലയില്‍ നിന്നും പിന്തുണ ലഭിച്ചിട്ടില്ല. ഇതില്‍ അത്ഭുതമില്ലെന്നും പാര്‍വതി പറയുന്നു. ദേശവിരുദ്ധവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം എന്നു ചൂണ്ടിക്കാട്ടി ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ഇത് വിവാദമായിരുന്നു.

തുടര്‍ന്ന് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റിയാണ് ചെറിയ മാറ്റങ്ങളോടെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയത്. ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയില്‍ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹമാനെ കുറിച്ച് ഗവേഷണം നടത്തുവാനായി എത്തിയ ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിനി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രമേയം.

Read more

സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് ആര്യാടന്‍ ഷൗക്കത്ത് ആണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. അഴകപ്പന്‍ ഛായാഗ്രഹണവും റഫീക് അഹമ്മദും വിശാല്‍ ജോണ്‍സണും ഗാനരചനയും നിര്‍വ്വഹിക്കുന്നു.