'ഒരു സത്രീ ചുമതല ഏറ്റെടുത്തു എന്ന് കരുതി ആകാശം ഒന്നും ഇടിഞ്ഞുവീഴില്ല...'; ഷാജി എൻ കരുണിനെ വിമർശിച്ച് പാർവതി തിരുവോത്ത്

ലൈംഗികാരോപണത്തെ തുടർന്ന് രാജിവെച്ച് പുറത്തുപോവേണ്ടി വന്ന രഞ്ജിത്തിന് പകരം ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് വിഖ്യാത സംവിധായകൻ ഷാജി എൻ കരുണിനെ പരിഗണിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ പ്രതികരണവുമായി പാർവതി തിരുവോത്ത്. ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ ആയി ബീന പോളിനെ പരിഗണിക്കാതെ ഷാജി എൻ കരുണിനെ പരിഗണിക്കുന്നുവെന്ന സാഹചര്യം കണക്കിലെടുത്താണ് വിമർശനവുമായി പാർവതി രംഗത്തുവന്നത്.

ഒരു സ്ത്രീ ചെയർപേഴ്സൺ ആയെന്ന് കരുതി ആകാശം ഇടിഞ്ഞുവീഴില്ലെന്നാണ് പാർവതി പറയുന്നത്. ചലച്ചിത്ര അക്കാദമി സ്ഥാനത്തേക്ക് ഇനിയെങ്കിലുമൊരു സ്ത്രീയെ കൊണ്ടുവരണമെന്ന് കലാ- സാംസ്കാരിക മേഖലയിൽ നിന്നും നിർദ്ദേശങ്ങൾ ഉയർന്നുവന്നിരുന്നു. എഡിറ്റർ ബീന പോൾ, ഐഎഫ്എഫ്കെ ആർടിസ്റ്റിക് ഡയറക്ടർ ആയിരുന്ന ദീപിക സുശീലൻ എന്നിവരുടെ പേരുകളായിരുന്നു പ്രധാനമായും ഉയർന്നുകേട്ടിരുന്നത്. എന്നാൽ കേരള രാജ്യാന്തര ചലച്ചിത്ര മേള അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഷാജി എൻ കരുണിനെ തന്നെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത.

“ഒരുപക്ഷെ, ഇത്രയും മഹാമനസ്‌കതയുടെയൊന്നും ആവശ്യമില്ലായിരിക്കും സാര്‍. ഒരുപക്ഷെ, ഈ സ്ഥാനത്തേക്ക് വരാന്‍ എല്ലാ യോഗ്യതയുമുള്ള വ്യക്തി തന്നെ ആ സ്ഥാനത്തേക്ക് എത്തുന്നു എന്ന് നിങ്ങള്‍ക്ക് ഉറപ്പ് വരുത്താനും കഴിയും. ഒരുപക്ഷെ, ഒരു സത്രീ ചുമതല ഏറ്റെടുത്തു എന്ന് കരുതി ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലായിരിക്കും. ബീന പോള്‍ ഫോര്‍ ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍.” പാർവതി പറയുന്നു.

Read more

ഷാജി എൻ കരുൺ സ്ഥാനമൊഴിയുന്ന കെഎസ്എഫ്‌ഡിസി അധ്യക്ഷ സ്ഥാനത്തേക്ക് കമലിനെ പരിഗണിക്കാനും സാധ്യതകളുണ്ട്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തെ തുടർന്നാണ് രഞ്ജിത്തിന് രാജി വെച്ച് പുറത്തുപോവേണ്ടി വന്നത്.