ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിന് പ്രിയങ്കരിയായി മാറിയ നടിയാണ് പത്മപ്രിയ. മലയാളത്തിൽ സജീവമായി നിന്ന സമയത്താണ് നടി അഭിനയത്തിൽ നിന്നും ഇടവേള എടുക്കുന്നത്. ഇപ്പോഴിതാ താൻ്റെ ഇടവേളയെക്കുറിച്ച് നടി മനസ്സ് തുറന്നതാണ് ശ്രദ്ധ നേടുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഒരു തെക്കൻ തല്ല് കേസിൻ്റെ പ്രമോഷൻ്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തെ കുറിച്ച് അവർ സംസാരിച്ചത്.
താൻ മനപൂർവം എടുത്ത ഇടവേളയായിരുന്നുവെന്നും തനിക്ക് സിനിമയോടുള്ള ആവേശം നഷ്ടമായപ്പോഴാണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് പോയതെന്നുമാണ് നടി പറയുന്നത്. 2014 ലാണ് താൻ സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുന്നത്. മനഃപൂർവം തീരുമാനിച്ച് എടുത്ത ബ്രേക്കാണ്. 2017 ൽ പുറത്തിറങ്ങിയ ഷെഫിലാണ് പിന്നെ അഭിനയിച്ചത്. അതിനിടെ സൗഹൃദത്തിന്റെ പുറത്ത് രണ്ടു ഷോർട്ട് ഫിലിമുകളും ചെയ്തിരുന്നു.
ഇയ്യോബിന്റെ പുസ്‌തകമായിരുന്നു തന്റെ അവസാനം തിയേറ്ററിൽ റിലീസ് ചെയ്‌ത സിനിമയെന്നും അവർ പറഞ്ഞു. നടിയാകണം എന്ന് തീരുമാനിച്ച് സിനിമയിലേക്ക് വന്നയാളല്ല താൻ. പിന്നീട് നടിയാകുകയായിരുന്നു. സാധാരണ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്ന് വന്നയാളാണ് താൻ. പഠനമൊക്കെ കഴിഞ്ഞു ജോലി ചെയ്യുന്ന സമയത്താണ് സിനിമയിലേക്ക് വരുന്നത്. പിന്നീട് എനിക്ക് ഒരുപാട് നല്ല സംവിധായകരുടെ ഒപ്പം പ്രവർത്തിക്കാനും നല്ല സിനിമകളുടെ ഭാഗമാകാനും സാധിച്ചു.
മലയാളി അല്ലാത്ത തനിക്ക് ഇവിടെ ലഭിച്ച സ്നേഹം വളരെ വലുതാണ്. എന്നാൽ തന്റെ കരിയറിന്റെ നല്ല സമയത്ത് നിൽക്കുമ്പോൾ തനിക്ക് എന്തോ സിനിമയോടുള്ള ആവേശം നഷ്ടമായി. ഒരു നടിയെന്ന നിലയിൽ തന്റെ റിലവൻസ് മനസിലാകാതെ ആയി. രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നത് ആണെങ്കിൽ പോലും അതിൽ ഒരു ആവേശം വേണം. തനിക്ക് അങ്ങനെയാണ്. അത് ഇല്ലാതെ പോയാൽ പിന്നെ നമ്മുക്ക് കാര്യമായി ഒന്നും ചെയ്യാൻ പറ്റില്ലെന്നും അതുകൊണ്ടാണ് ബ്രേക്ക് എടുത്തതെന്നും അവർ പറഞ്ഞു.
വലിയ നടിയാവണമെന്ന ആഗ്രഹമെന്നും തനിക്ക് ഉണ്ടായിരുന്നില്ല. ഒരു തിരിച്ചറിവിന്റേയും ധൈര്യത്തിന്റെയും പുറത്താണ് പോയത്. അതേ ധൈര്യത്തിലാണ് ഇപ്പോൾ തിരിച്ചു വന്നതുമെന്നും പത്മപ്രിയ പറഞ്ഞു. പത്മപ്രിയ പ്രധാന കഥാപാത്രത്തിലെത്തുന്ന ഒരു തെക്കൻ തല്ല് കേസ് ഇന്നാണ് തിയേറ്ററുകളിൽ റീലീസിനെത്തുന്നത്.