ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലവ് ചിത്രത്തിലെ ഗാനം വൈറല്‍ ആയതിന് പിന്നാലെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസെടുത്തിരുന്നു. ഹൈദരാബാദ് ഫലഖ്നമ പൊലീസാണ് 295 എ വകുപ്പ് അനുസരിച്ച് കേസ് എടുത്തത്.
ആ സമയത്ത് തനിക്ക് ധൈര്യം തന്നവരില്‍ ഒരാളാണ് പി.സി ജോര്‍ജ് എന്ന് ഒമര്‍ ലുലു. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ പ്രതികരിച്ചത്. ഫലഖ്നമ സ്റ്റേഷനില്‍ നിന്നും വിളിച്ചിട്ട് അറസ്റ്റ് ചെയ്യാന്‍ ഇങ്ങോട്ട് വരും എന്നൊക്കെ പറഞ്ഞു. ഒരു ധൈര്യം കിട്ടിയത് പി.സി ജോര്‍ജ് സര്‍ വിളിച്ചപ്പോഴാണ്.
‘എടാ നീ ധൈര്യമായിട്ട് ഇരുന്നോടെ, ഇവിടുന്ന് ഒരു മക്കളും വന്ന് നിന്നെ കൊണ്ടു പോവില്ല’ എന്നൊക്കെ പറഞ്ഞു എന്ന് ഒമര്‍ ലുലു പറഞ്ഞു. ഫറൂഖ് നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ‘മാണിക്യ മലരായ പൂവി’ എന്ന പാട്ട് പ്രവാചക നിന്ദയാണ് എന്നാരോപിച്ച് പരാതി നല്‍കിയത്.
ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ക്കും ഗാനരചയിതാവിനെതിരെയും പരാതി നല്‍കിയിരുന്നു. ഇതിനെ അഡ്വ. ഹാരിസ് ബീരാന്‍ വഴി സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. പാട്ടിനു വലിയ സ്വീകാര്യത കിട്ടിയ സമയത്ത് വന്ന കേസ് വേദനിപ്പിക്കുന്നതാണെന്ന് സംവിധായകന്‍ പ്രതികരിച്ചിരുന്നു.