മോഹൻലാലിന്റെ സംഘട്ടന രംഗത്തെയും അതിനുവേണ്ടി എടുക്കുന്ന സമർപ്പണത്തെയും പ്രശംസിച്ച് ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ. സീനിന്റെ പെർഫെക്ഷന് വേണ്ടി ഏതറ്റം വരെയും പോകാൻ മോഹൻലാൽ തയ്യാറാണെന്നും, ആക്ഷൻ സീന്‍ പെര്‍ഫെക്ടായാല്‍ മാത്രമേ അദ്ദേഹത്തിന് തൃപ്തിയാകുകയൊളളൂവെന്നും പീറ്റർ ഹെയ്ൻ പറയുന്നു. വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രമായ ‘കണ്ണപ്പ’യുടെ പ്രമോഷൻ പരിപാടിക്കിടെയാണ് ചിത്രത്തിലെ മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളെ കുറിച്ച് പീറ്റർ ഹെയ്ൻ പറഞ്ഞത്.
“ലാല്‍ സാറിനെ സംബന്ധിച്ച് സീനിന്റെ പെര്‍ഫെക്‌ഷനാണ് ഏറ്റവും പ്രധാനം. അതിനു വേണ്ടി ഏതറ്റം വരെയും അദ്ദേഹം പോകും. എത്ര റിസ്‌കുള്ള സീനാണെങ്കിലും അത് പെര്‍ഫെക്ട് ആക്കാന്‍ വേണ്ടി എത്ര പാടുപെടാനും അദ്ദേഹം തയാറാണ്. ഏറ്റവുമൊടുവില്‍ ആക്‌ഷന്‍ സീന്‍ പെര്‍ഫെക്ടായാല്‍ മാത്രമേ അദ്ദേഹത്തിന് തൃപ്തിയാകുള്ളൂ. അതുവരെ ചെയ്തുകൊണ്ടിരിക്കും.
അദ്ദേഹം ചെയ്യുന്നത് എന്താണെന്നുള്ള കൃത്യമായ ബോധ്യമുണ്ട്. നമുക്ക് അതിനെക്കറിച്ച് ആലോചിച്ച് ടെന്‍ഷനാകേണ്ട ആവശ്യമില്ല. അടുത്തിടെ ഞാൻ ലാൽ സാറിന് വേണ്ടി ഒരു റോപ്പ് ഷോട്ട് കംപോസ് ചെയ്തു. ആ സെറ്റിൽ അന്ന് 800 ജൂനിയർ ആർട്ടിസ്റ്റുകളുണ്ട്. ഫൈറ്റേഴ്സ് എല്ലാം എട്ടടി പൊക്കമുള്ള വലിയ ആൾക്കാരായിരുന്നു.
ഹീറോയും ബാക്കി ക്യാരക്ടർ ആർടിസ്റ്റുകളുമെല്ലാം അതിമനോഹരമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ലാൽ സാറിനു വേണ്ടി ചെയ്ത ഷോട്ട് അദ്ദേഹം മറ്റുള്ളവരെക്കാൾ ഗംഭീരമായി ചെയ്തു, ഇവിടുന്നു ചാടി അവനെ അടിച്ച് മുകളിൽ കൂടി ചാടി പോകുന്ന സീൻ ഒരൊറ്റ ഷോട്ടിൽ അദ്ദേഹം പൂർത്തിയാക്കി. കേരളത്തിലെ എല്ലാവരും ലാൽ സാറിനെ ഓർത്ത് അഭിമാനിക്കണം. അത്രയ്ക്ക് ഡെഡിക്കേഷൻ ഉള്ള ആർടിസ്റ്റാണ് അദ്ദേഹം.
ലാൽ സാർ ഒരു ഇതിഹാസമാണ് , ഇത്രയും വലിയ ലെജൻഡ് ആയിരുന്നിട്ടും ഒരു ചെറിയ കുട്ടിയുടെ നിഷ്കളങ്കതയോടെ ഒരു പുതിയ ആർടിസ്റ്റിനെപ്പോലെ ഓരോ ആക്‌ഷൻ സീക്വൻസിനെയും സമീപിക്കും, ഞാൻ പറയുന്നത് ചിലപ്പോ നിങ്ങൾ വിശ്വസിക്കില്ല പക്ഷെ ഞാൻ നേരിട്ട് കണ്ട കാര്യമാണ്. അടുത്തിടെ ബെംഗളൂരിൽ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു എനിക്കത് നേരിട്ട് കാണാൻ കഴിഞ്ഞത്.” എന്നാണ് പീറ്റർ ഹെയ്ൻ പറഞ്ഞത്.
അതേസമയം മുകേഷ് കുമാർ സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു മഞ്ചു ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ തുടങ്ങീ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
ശിവ ഭക്തനായ കണപ്പയുടെ ജീവിതത്തിലെ സാഹസികമായ കഥകളാണ് ചിത്രത്തിലൂടെ പുറത്തുവരുന്നത്. ചിത്രത്തിൽ കണ്ണപ്പയായി വേഷമിടുന്നത് വിഷണു മഞ്ചുവാണ്. പ്രഭാസായിരിക്കും ചിത്രത്തിൽ ശിവനായി വരുന്നത്. എന്നാൽ മലയാള സൂപ്പർ താരം മോഹൻലാലിന്റെ കഥാപാത്രത്തിന്റെ സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിഷ്ണു മഞ്ചുവും മോഹൻ ബാബുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
മണി ശർമ്മയും സ്റ്റീഫൻ ദേവസ്സിയും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. 24 ഫ്രെയിംസ് ഫിലിം ഫാക്ടറിയുടെ കൂടെ എ. വി. എ പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
100 കോടിയോളം വരുന്ന ബിഗ് ബഡ്ജറ്റ് ബാനറിലാണ് ചിത്രം ഒരുങ്ങുന്നത് എന്നുള്ളതും പ്രേക്ഷകരെ പ്രതീക്ഷയിലാക്കുന്നു.