50 വയസിന് മുകളില്‍ പ്രായമുള്ള ഉമ്മയാകാന്‍ വേണ്ടി പത്ത് കിലോ ഭാരം കൂട്ടി, കുറയുമോ എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു: പൂര്‍ണിമ

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖം’ ചിത്രത്തിലെ പൂര്‍ണിമയുടെ കഥാപാത്രം ശ്രദ്ധ നേടുകയാണ്. നിവിന്‍ പോളിയുടെ ഉമ്മയുടെ വേഷത്തിലാണ് പൂര്‍ണിമ ചിത്രത്തിലെത്തിയത്. 50 വയസിന് മേലെ പ്രായമുള്ള ഉമ്മയുടെ കഥാപാത്രം ചെയ്യാനായി താന്‍ പത്ത് കിലോ ഭാരം വരെ കൂട്ടിയിരുന്നു എന്നാണ് പൂര്‍ണിമ പറയുന്നത്.

ഉമ്മയുടെ ലോകം ഭര്‍ത്താവും മൂന്നു മക്കളുമാണ്. അവരുമായുള്ള ബന്ധത്തിന്റെ ആഴം തീവ്രമായി കാണിക്കുന്ന നല്ല സീനുകളുണ്ട് ഈ സിനിമയില്‍. തന്റെ കഥാപാത്രത്തിന് രണ്ട് കാലഘട്ടമാണുള്ളത്. അതില്‍ 50 വയസിന് മുകളില്‍ പ്രായമുള്ള കാലത്തിന് വേണ്ടി പത്ത് കിലോ ഭാരം കൂട്ടിയിരുന്നു.

ഭാരം കുറയുമോ എന്ന ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നു. പിന്നീട് ചെറുപ്പകാലം ചെയ്യാനായി ശാരീരികമായും മാനസികമായും നന്നായി ഹോംവര്‍ക്ക് ചെയ്തു. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് അന്നത്തെ കാലത്ത് മട്ടാഞ്ചേരിയിലേക്ക് താമസം മാറിവന്ന ഒന്നുരണ്ട് ഉമ്മമാരെ ഞാന്‍ കണ്ടിരുന്നു.

അവര്‍ക്കൊപ്പം ഒരു ദിവസം ചിലവഴിച്ച്, കഥകള്‍ കേട്ട്, അവര്‍ കടന്നുവന്ന സാഹചര്യങ്ങള്‍ മനസിലാക്കി. ഉമ്മയുടെ കഥാപാത്രം ചെയ്യണമെന്ന് രാജീവ് പറഞ്ഞപ്പോള്‍ ഉള്ളില്‍ എന്തെന്നില്ലാത്ത ആവേശമായിരുന്നു. എപ്പോഴോ ആഗ്രഹിച്ചൊരു കാര്യം കൈയിലെത്തിയത് പോലെ.

Read more

സിനിമ മാറി, താനും മാറി. തന്റെ ഇതുവരെയുള്ള യാത്ര പോലെയല്ല, ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വരുമ്പോള്‍ വെല്ലുവിളിയാവുന്ന കഥാപാത്രമാവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തുറമുഖത്തിലെ ഉമ്മയെ പോലെയുള്ള കഥാപാത്രം ഇനി ചെയ്യാന്‍ പറ്റണമെന്നില്ല എന്നാണ് പൂര്‍ണിമ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.