തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറയാറുള്ള താരമാണ് പ്രകാശ് രാജ്. നിലവിലെ രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളില്‍ എല്ലാം പ്രകാശ് രാജ് തന്റെ നിലപാട് വ്യക്തമാക്കാറുണ്ട്. അതിനാല്‍ തന്നെ താരം വിമര്‍ശനങ്ങള്‍ക്കും ഇരയാവാറുണ്ട്. രാഷ്ട്രീയം തന്റെ കരിയറിനെ മോശമായി ബാധിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രകാശ് രാജ് ഇപ്പോള്‍.
രാഷ്ട്രീയം കരിയറിനെ ബാധിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് പലരും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നില്ല. അത് അവരോട് ആരും പറഞ്ഞിട്ടല്ല. അവര്‍ക്ക് ആശങ്കയുള്ളതിനാലാണ്. അതെല്ലാം നഷ്ടപ്പെടാനും മാത്രം ശക്തനും സമ്പന്നനുമാണ് താന്‍. തന്റെ ഭയമായിരിക്കും മറ്റുള്ളവരുടെ കരുത്ത് എന്നാണ് താന്‍ കരുതുന്നത്.
എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം തോന്നുന്നു. താന്‍ ശബ്ദം ഉയര്‍ത്തി ഇല്ലായിരുന്നുവെങ്കില്‍, ഒരു നടന്‍ എന്ന പേരില്‍ മാത്രമായിരിക്കും തന്റെ മരണ ശേഷം താന്‍ അറിയപ്പെടുക. യഥാര്‍ത്ഥത്തില്‍ താന്‍ ആരാണെന്ന നിലയിലായിരിക്കില്ല. പക്ഷേ അങ്ങനെ ശബ്ദമുയര്‍ത്തുന്നത് പലതിനേയും ബാധിക്കും.
അത് അംഗീകരിക്കുന്നു എന്നാണ് പ്രകാശ് രാജ് പറയുന്നത്. ഇനിയും പല കാര്യത്തിലും ശബ്ദം ഉയര്‍ത്താത്ത താരങ്ങളുണ്ടെന്ന് പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. എന്നാല്‍ അക്കാര്യത്തില്‍ താന്‍ മറ്റുള്ളവരെ നിബര്‍ബന്ധിക്കുകയോ കുറ്റപ്പെടുത്തുകയോ ഇല്ല. ശബ്ദം ഉയര്‍ത്തിയാല്‍ അവര്‍ പല കാര്യങ്ങളില്‍ നിന്നും പിന്തള്ളപ്പെടും.
അവര്‍ക്ക് അത് അതിജീവിക്കാനാവില്ലെന്നും പ്രകാശ് രാജ് പറയുന്നു. അതേസമയം, ‘പൊന്നിയിന്‍ സെല്‍വന്‍’ ആണ് താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ‘സലാം വെങ്കി’, ‘വരാല്‍’ എന്നീ സിനിമകളാണ് പ്രകാശ് രാജിന്റെതായി റിലീസിന് ഒരുങ്ങുന്നത്.