ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ പ്രമുഖ നടിമാര്‍ വരെ തങ്ങള്‍ക്ക് സംഭവിച്ച ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തുന്നുണ്ട്. ഈ അവസരത്തില്‍ നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായ മോശം സംഭവത്തെ കുറിച്ചടക്കം വെളിപ്പെടുത്തി കൊണ്ടാണ് പ്രശാന്ത് ഒരു അഭിമുഖത്തില്‍ പ്രതികരിച്ചത്.
പ്രശാന്തിന്റെ വാക്കുകള്‍:
ചെറുപ്പത്തില്‍ ഞാന്‍ നല്ല തടിയനായിരുന്നു. പരീക്ഷയ്ക്ക് വേറെ ക്ലാസുകളിലാണല്ലോ ഇരിക്കുക. സീനിയേഴ്‌സിന്റെ കൂടെയാണ് പരീക്ഷയ്ക്ക് ഇരിക്കുന്നത്. പത്താം ക്ലാസിലെ രണ്ടു ചേട്ടന്മാരുടെ ഇടയില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന ഞാനും. എനിക്ക് നല്ല വണ്ണമുണ്ടായിരുന്നു. ഈ ചേട്ടന്മാരുടെ ഒരു തമാശ, എന്നെ കാണുമ്പോള്‍ എന്റെ മാറില്‍ കയറിപ്പിടിക്കും. വണ്ണമുള്ളവരെ കാണുമ്പോഴുള്ള ഒരു രസം. ആദ്യത്തെ ദിവസം ഇവര്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായില്ല. വീട്ടില്‍ അമ്മാച്ചന്മാര്‍ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്ന പോലെ, ഇവര്‍ക്ക് എന്നോട് ഇത്രമാത്രം സ്‌നേഹം തോന്നാന്‍ മുന്‍പരിചയം ഒന്നുമില്ലല്ലോ. വേദനിച്ചു തുടങ്ങിയപ്പോഴാണ് ഇത് സ്‌നേഹമല്ലെന്നും അവര്‍ എന്തോ തമാശ കാണിക്കുന്ന പോലെ ചെയ്യുന്നതാണെന്നും മനസിലാക്കുന്നത്. അവര്‍ അതില്‍ സന്തോഷം കണ്ടെത്തുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ, എനിക്ക് പരീക്ഷ എഴുതാന്‍ പേടിയായി. ആ ക്ലാസിലേക്ക് പരീക്ഷ എഴുതാന്‍ പോകണമല്ലോ എന്ന പേടി.
നിങ്ങള്‍ക്ക് വേണമെങ്കില്‍ ചോദിക്കാം, ടീച്ചര്‍മാരോട് പരാതി പറഞ്ഞുകൂടെ എന്ന്. എന്റെ ആ മാനസികാവസ്ഥയില്‍ ഞാന്‍ ടീച്ചേഴ്‌സ് റൂമിന്റെ അടുത്ത് വരെ നടക്കും. പക്ഷേ, ഞാന്‍ ആലോചിക്കുന്നത് വേറെ ചില കാര്യങ്ങളാണ്. ടീച്ചര്‍ ഇനി ഇക്കാര്യം അവരോട് ചോദിച്ചിട്ട്, അവര്‍ പിന്നീട് എന്നെ എന്തെങ്കിലും ചെയ്താലോ? ക്ലാസിലും സ്‌കൂളിലും അല്ലേ ടീച്ചര്‍ക്ക് എന്നെ സംരക്ഷിക്കാന്‍ കഴിയൂ. പുറത്തോ? അതുകൊണ്ട്, ഞാന്‍ അത് ചിരിച്ച് ‘വിട് ചേട്ടാ’ എന്നൊക്കെ പറഞ്ഞ് സഹിക്കും. പക്ഷേ, ഇത് എനിക്കൊരു ട്രോമ തന്നിട്ടുണ്ട്. അതിനെ അതിജീവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാകും ഞാന്‍ ചിലപ്പോള്‍ ഒരു സീനിയറെ തല്ലിയിട്ടുണ്ടാകുക, ഒരു ഗ്യാങ്ങിനെ ഉണ്ടാക്കിയിട്ടുണ്ടാവുക. ഞാന്‍ ദുര്‍ബലനല്ല എന്ന് കാണിക്കാന്‍ ശ്രമിച്ചു ശ്രമിച്ചാണ് ഞാന്‍ ആ സ്‌കൂളിലെ ലീഡര്‍ ആയത്. ഞാന്‍ ലീഡര്‍ ആയപ്പോള്‍ ആര്‍ക്കെങ്കിലും ഇങ്ങനെ സംഭവിക്കുന്നുണ്ടോ എന്ന് നോക്കിയിട്ടൊന്നുമില്ല. എന്റെ അനുഭവമാണ് ഞാന്‍ പറഞ്ഞത്.
മീടൂ ക്യാംപെയ്ന്‍ വന്ന സമയത്ത് എല്ലാവരും ഒന്നു ഭയന്നു. ഒരു തമാശ പോലും പറയാന്‍ പറ്റാത്ത അവസ്ഥയായി. ഞാന്‍ ഒരു ഹിന്ദി സിനിമ ചെയ്തപ്പോള്‍ അര്‍ജുന്‍ കപൂര്‍ ഉള്‍പ്പടെ ഞങ്ങള്‍ അഞ്ചു കഥാപാത്രങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഈ ഷൂട്ടിന്റെ ഏകദേശം അവസാനത്തിലാണ് ഞങ്ങളുടെയൊക്കെ ഭാര്യമാരായി അഭിനയിക്കുന്നവര്‍ സെറ്റിലെത്തുന്നത്. എന്റെ ഭാര്യയുടെ കഥാപാത്രം ചെയ്തത് ഒരു മലയാളിയായിരുന്നു. ഞാന്‍ അവരെ പരിചയപ്പെട്ടു. സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ എന്റെയൊപ്പം ഉണ്ടായിരുന്ന സീനിയറായ ഒരു നടന്‍ വന്നു. ആ സിനിമയില്‍ എന്റെ കഥാപാത്രത്തിന്റെ പേര് പിള്ള എന്നായിരുന്നു. അദ്ദേഹം ഒരു ഡയലോഗ് അടിച്ചു. എന്താ പിള്ളൈ, ഭാര്യ വന്നല്ലോ! ഇന്നത്തെ പരിപാടി എന്താ? സിനിമ കാണാന്‍ പോകുന്നുണ്ടോ? ഡിന്നര്‍ ഒരുമിച്ചാണോ എന്നൊക്കെ ചോദിച്ചു. എന്റെ ക്യാരക്ടര്‍ വച്ച് അദ്ദേഹം ഒരു തമാശ പറഞ്ഞതാണ്. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സംവിധായകന്‍ എന്നെ വിളിപ്പിച്ചു. ആ ആക്ടര്‍ എന്താണ് ഈ നടിയുടെ മോശമായി പെരുമാറിയത് എന്ന് എന്നോടു ചോദിച്ചു. കാസ്റ്റിംഗ് ഏജന്‍സിയില്‍ പരാതി പോയി, അവിടെ നിന്ന് പ്രൊഡക്ഷനില്‍ വിളിച്ച്, അവര്‍ നേരിട്ട് വിഷയം സംവിധായകന്റെ അടുത്തേക്ക് എത്തിക്കുകയാണ്.
ഇക്കാര്യം പരിഹരിച്ചിട്ട് ഷൂട്ട് തുടര്‍ന്നാല്‍ മതി എന്നാണ് അദ്ദേഹത്തിന് കിട്ടിയ നിര്‍ദേശം. അതാണ് എന്നെ വിളിച്ചത്. ഞാന്‍ അവരോട് ചോദിച്ചു, അദ്ദേഹം ഒരു തമാശയായി പറഞ്ഞതല്ലേ? ഇത്ര ഗൗരവമായി പ്രതികരിക്കേണ്ട കാര്യമുണ്ടോ എന്നു ചോദിച്ചു. ഇത് ഇവിടെ പരാതിപ്പെട്ടില്ലെങ്കില്‍, ഇതിന് അപ്പുറത്തെ ഡയലോഗ് അയാള്‍ പറഞ്ഞാല്‍ എന്തു ചെയ്യും എന്നായിരുന്നു അവരുടെ മറുപടി. അവര്‍ക്ക് ഇതിനു മുമ്പ് മോശപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ട്. ഇങ്ങനെ തമാശകളില്‍ തുടങ്ങി, വളരെ മോശപ്പെട്ട കമന്റുകളിലേക്ക് പോയ അനുഭവം അവര്‍ക്ക് ഉണ്ടായിട്ടുണ്ട്. ബോംബെയില്‍ സിനിമയ്ക്ക് കാസ്റ്റ് ചെയ്യുന്നത് കാസ്റ്റിങ് ഏജന്‍സികളാണ്. പ്രധാന കഥാപാത്രങ്ങളെ ഒഴിച്ച് ബാക്കിയെല്ലാം കാസ്റ്റ് ചെയ്യുന്നത് അവരാണ്. അത്രയ്ക്ക് പവര്‍ഫുള്‍ ആണ് ആ ഏജന്‍സികള്‍. കാസ്റ്റിംഗ് ഡയറക്ടര്‍ ഒരു സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതി വന്നതിനെ തുടര്‍ന്ന് അയാളുടെ ലൈസന്‍സ് റദ്ദ് ചെയ്തിട്ടുണ്ട്. ഇതിന് അവിടെ ഒരു വ്യവസ്ഥിതി അവിടെയുണ്ട്.
മലയാളം ഇന്‍ഡസ്ട്രിയില്‍ ഒരു പ്രഫഷനലിസം ഇല്ലായ്മയുണ്ടെന്നാണ് ഹേമ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നത്. ആ പ്രഫഷനലിസത്തിലേക്ക് നമ്മള്‍ എത്തണം. നമ്മള്‍ അതിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. കോവിഡിന് ശേഷം സമൂഹത്തിന്റെ ചിന്താഗതികളില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. നരസിംഹത്തിലെ ഡയലോഗ് എല്ലാവരും എടുത്ത് ട്രോള്‍ ചെയ്യുകയാണ്. ഇന്ന് അത് പറയാന്‍ പറ്റില്ല. പോയി പണി നോക്കെടോ എന്നു പറയുന്ന നായികയാണ് ഇന്നുള്ളത്. സ്ത്രീകള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്ന മോഡേണ്‍ ഫാമിലിയാണ് ഞങ്ങളുടേത് എന്ന ഫഹദിന്റെ ഡയലോഗിന്റെ ഹ്യൂമര്‍ മനസിലാക്കാന്‍ പറ്റാത്ത ആളുകളുള്ള നാടാണ് കേരളം. ഒരു ദുരനുഭവം ഉണ്ടാകുമ്പോള്‍ അവര്‍ എന്തുകൊണ്ട് ഭയപ്പെടുന്നു എന്നു ചോദിച്ചാല്‍ അത് അവരുടെ മാനസികാവസ്ഥയാണ്. എക്‌സിബിഷനിസം എന്ന സ്വഭാവവൈകല്യം ഉള്ള ഒരാള്‍ ഒരു സ്ത്രീയുടെയും ദേഹത്തില്‍ സ്പര്‍ശിക്കുന്നില്ല. ദൂരെ നിന്ന് തുണി പറിച്ച് കാണിക്കുന്നേയുള്ളൂ. അതു കാണുമ്പോള്‍ ആ സ്ത്രീ അനുഭവിക്കുന്ന പ്രയാസവും ടെന്‍ഷനുമണ്ടല്ലോ.
ഒരു പുരുഷന്റെ ലിംഗം കണ്ടല്ലോ എന്നോര്‍ത്ത് സന്തോഷിക്കുകയൊന്നും അവര്‍ ചെയ്യില്ല. അവര്‍ക്കാകെ അറപ്പും പ്രശ്‌നങ്ങളുമാണ് തോന്നുക. എന്തുകൊണ്ട് അവര്‍ പരാതിപ്പെടുന്നില്ല എന്ന ചോദ്യത്തിന് അര്‍ഥമില്ല. അവര്‍ക്ക് തുറന്നു പറയാനും പരാതിപ്പെടാനും ഭയമുണ്ട്. പക്ഷേ, അത്തരം ആളുകള്‍ക്ക് എല്ലാം തുറന്നു പറയാന്‍ ഒരു സാഹചര്യം ഒരുക്കുകയാണ. സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന ഒന്നാണ് സിനിമ ഇന്‍ഡസ്ട്രി. അത് പ്രഫഷനല്‍ ആകണം. കൃത്യമായി നീങ്ങണം എന്നുള്ളത് ഒരു നാടിന്റെ ആവശ്യമാണ്. ജനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ ചിലവില്‍ എന്റര്‍ടെയ്ന്‍മെന്റ് കൊടുക്കുന്ന ഇന്‍ഡസ്ട്രിയാണ് ഇത്. പ്രഫഷനല്‍ ആക്കാനുള്ള നിര്‍ദേശങ്ങളുണ്ടോ എന്ന് പരിശോധിക്കണം. ഒരു മാറ്റം വരണമെന്നുണ്ടെങ്കില്‍ പൊട്ടിത്തെറി ഉണ്ടാകണം. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തട്ടെ എന്നുള്ളത് മാത്രമാണ് പരിഹാരം എന്നു ചിന്തിക്കരുത്. തെറ്റുകള്‍ സംഭവിക്കാതെ വരണം. അങ്ങനെ സംഭവിച്ചാല്‍ തുറന്നു പറയാനുള്ള ധൈര്യം തോന്നുന്ന തരത്തില്‍ വ്യവസ്ഥിതി വളരണം.