‘എമ്പുരാന്‍’ സിനിമയെ എതിര്‍ക്കുന്നവര്‍ ആ സിനിമ കണ്ടിട്ട് അനുകൂലിച്ച് സംസാരിച്ചിരുന്നുവെന്ന് നടന്‍ പ്രേംകുമാര്‍. കലാപ്രവര്‍ത്തകര്‍ക്ക് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്യം വേണം. കലാകാരന്റെ ആവിഷ്‌കാരത്തിന് മുകളില്‍ ഭരണകൂട താത്പര്യമാകാം, പക്ഷെ കത്രിക വയ്ക്കുന്നതിനോടും അത്തരം സ്വാതന്ത്യത്തിന് മേല്‍ കടന്നുകയറ്റം നടത്തുന്നതിനോടും വ്യക്തിപരമായിട്ട് യോജിക്കുന്ന ആളല്ല താന്‍ എന്നാണ് പ്രേംകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
”സെന്‍സര്‍ കഴിഞ്ഞ് പ്രദര്‍ശനത്തിന് എത്തിയ സിനിമയ്ക്കാണ് എതിര്‍പ്പ് വന്നത്. അസഹിഷ്ണുതയുള്ള സമൂഹം അല്ല കേരളത്തില്‍ ഉള്ളത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമ പോലും ഇവിടെ ഓടിയിട്ടുണ്ട്, ആരും എതിര്‍ത്തില്ല. ഇപ്പോള്‍ ആണ് അസഹിഷ്ണുത കാട്ടുന്നത്. കല ലോകത്തെ ഒന്നിപ്പിക്കുന്നതാണ് അത് വെറുപ്പിന്റെ ഭാഗം അല്ല. ആ സിനിമയെ ഇന്നിപ്പോള്‍ എതിര്‍ക്കുന്നവര്‍ പോലും ആ സിനിമ കണ്ടിട്ട് അനുകൂലിച്ച് സംസാരിച്ചതൊക്കെ നമ്മുടെ മുന്നിലുണ്ട്.”
”അപ്പോള്‍ എന്താണ് പെട്ടെന്ന് ഒരു പ്രകോപനം അവര്‍ക്ക് ഉണ്ടായതെന്ന് അറിയില്ല. അതിനകത്ത് ചിലപ്പോള്‍ രാഷ്ട്രീയം ഉണ്ടാകും. അതിലേക്കൊന്നും ഞാന്‍ പോകുന്നില്ല. കലാപ്രവര്‍ത്തകര്‍ക്ക് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്യം വേണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അത് കലാകാരന്റെ അവകാശം തന്നെയാണ്. ഇവിടെ ഈ സിനിമയെ സംബന്ധിച്ചിടത്തോളം എനിക്ക് വ്യക്തിപരമായി സെന്‍സറിങ് സംവിധാനങ്ങളോട് അനുഭാവം ഉള്ളയാളല്ല ഞാന്‍.”
”കലാകാരന്റെ ആവിഷ്‌കാരത്തിന് മുകളില്‍ ഭരണകൂട താത്പര്യമാകാം, കത്രിക വയ്ക്കുന്നതിനോടും അത്തരം സ്വാതന്ത്യത്തിന് മേല്‍ കടന്നുകയറ്റം നടത്തുന്നതിനോടും വ്യക്തിപരമായിട്ട് യോജിക്കുന്ന ആളല്ല ഞാന്‍. അസഹിഷ്ണുതയുള്ള സമൂഹം അല്ല കേരളത്തില്‍ ഉള്ളത്. ഈ പറയുന്ന സിനിമയുടെ തന്നെ സൃഷ്ടാവായിട്ടുള്ള മുരളി ഗോപി അദ്ദേഹം മുമ്പ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ ചെയ്തിരുന്നു.”
”അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പരിഹസിച്ചു കൊണ്ടുള്ള സിനിമയായിരുന്നു. ആ സിനിമയെ പോലും സഹിഷ്ണുതയോടെ കണ്ട ഒരു സമൂഹമാണ് കേരളത്തിലുള്ളത്. അന്നാരും അത് റീസെന്‍സറിങ് ചെയ്യണമെന്നോ ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്നോ ആരും ആവശ്യപ്പെട്ടില്ല. അത് ആവിഷ്‌കാര സ്വാതന്ത്യമാണെന്ന് തന്നെയാണ് ഇവിടെയെല്ലാവരും സമീപിച്ചത്.”
”മറ്റൊന്ന് എനിക്ക് പറയാനുള്ളത്, കല എന്നു പറയുന്നത് സമൂഹത്തിനെ മനുഷ്യരെ ഒരുമിപ്പിക്കുന്നതാകണം. അതൊരിക്കലും ഒരു ഭിന്നിപ്പിന്റെ തലത്തിലേക്ക് പോകരുത്. ഔചിത്യം എന്ന് പറയുന്നത് കലാപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. കലാസൃഷ്ടി ചെയ്യുമ്പോള്‍ ഔചിത്യം ഉണ്ടാകേണ്ടതുണ്ട്” എന്നാണ് പ്രേംകുമാര്‍ പറയുന്നത്.