മമ്മൂക്കയ്ക്ക് വേണ്ടി കാത്തിരിക്കാന്‍ പ്രയാസമില്ലായിരുന്നു, പക്ഷെ അന്ന് നിയന്ത്രണങ്ങള്‍ ഉണ്ടായി.. ലാലേട്ടന് ഇത് അറിയാമായിരുന്നു: പൃഥ്വിരാജ്

‘ബ്രോ ഡാഡി’ സിനിമയുടെ കഥ മമ്മൂട്ടിക്ക് ഇഷ്ടമായിട്ടും താരം അത് വേണ്ടെന്ന് വച്ചതിനെ കുറിച്ച് പറഞ്ഞ് പൃഥ്വിരാജ്. മോഹന്‍ലാല്‍ ആയിരുന്നില്ല, മമ്മൂട്ടി ആയിരുന്നു ബ്രോ ഡാഡിക്കായി പൃഥ്വിരാജിന്റെ ആദ്യ ചോയിസ്. മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. എന്നാല്‍ മറ്റൊരു സിനിമയുടെ തിരക്കിലായതിനാല്‍ താരത്തിന് ചെയ്യാന്‍ സാധിച്ചില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്.

”ബ്രോ ഡാഡി എന്ന സിനിമ ചെയ്യുമ്പോള്‍ എന്റെ മനസില്‍ ആദ്യം വന്നത് മമ്മൂക്ക ആയിരുന്നു. മമ്മൂക്ക തന്നെ ജോണ്‍ കാറ്റാടി എന്ന കഥാപാത്രം ചെയ്യണം എന്നുണ്ടായിരുന്നു എനിക്ക്. ഇപ്പോള്‍ ബ്രോ ഡാഡിയില്‍ ഉള്ള ജോണ്‍ കാറ്റാടി അല്ല അത്. ഒരു കോട്ടയം കുഞ്ഞച്ചന്‍ വേര്‍ഷനില്‍ കുറച്ച് റിച്ചായ പ്ലാന്റ്റേഷന്‍ ഒക്കെയുള്ള കൃഷിക്കാരായ ഒരു കൃസ്ത്യാനി. മമ്മൂക്ക അത്തരം ഒരു പ്രണയം നിറഞ്ഞ ഭര്‍ത്താവായി വന്നാല്‍ വളരെ ക്യൂട്ട് ആയിരിക്കും എന്ന് എനിക്ക് തോന്നി.”

”അങ്ങനെ ആരും ഇതുവരെ മമ്മൂക്കയെ വെച്ച് ചിന്തിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹത്തിനോട് ഞാന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും കഥ ഇഷ്ടമായി. പക്ഷെ ഈ സിനിമ പെട്ടന്ന് ചെയ്യാന്‍ സാധിക്കില്ല കുറച്ച് കഴിഞ്ഞു മതിയോ എന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാന്‍ എനിക്ക് പ്രയാസം ഉണ്ടായിരുന്നില്ല. എന്നാല്‍ കൊവിഡ് സമയമായാതിനാല്‍ 50 പേര്‍ മാത്രം വെച്ച് ചെയ്യാവുന്ന ഒരു സിനിമ എന്ന നിലയില്‍ ഞാന്‍ ആലോചിച്ച ചെറിയ സിനിമയായിരുന്നു ബ്രോ ഡാഡി.”

”പക്ഷെ അദ്ദേഹത്തിന്റെ ബുദ്ധിമുട്ട് എനിക്ക് മനസിലായിരുന്നു. നേരത്തെ തന്നെ മറ്റൊരു ചിത്രം അദ്ദേഹം ചെയ്യാന്‍ ഏറ്റിരുന്നു. ജോര്‍ജ് ഏട്ടനായിരുന്നു ആ സിനിമ നിര്‍മ്മിക്കുന്നത്. അത് നിര്‍ത്തി ഇത് ചെയ്യാന്‍ പറയാന്‍ എനിക്ക് പറ്റില്ലല്ലോ. അങ്ങനെയാണ് ലാലേട്ടനിലേക്ക് ഞാന്‍ എത്തുന്നത്. മമ്മൂക്കയോട് ആണ് ഈ കഥ ആദ്യം പറഞ്ഞതെന്ന് ലാലേട്ടന് അറിയാമായിരുന്നു. മമ്മൂക്ക ജോണ് കാറ്റാടി ആയി വന്നിരുന്നേല്‍ ആ കഥ നടക്കുന്നത് പാലായില്‍ ആയിരിക്കും.”

”കോട്ടയം കുഞ്ഞച്ചനില്‍ അദേഹം ചെയ്തതുപോലെ ഉള്ള മധ്യതിരുവിതാംകൂര്‍ ഭാഷയൊക്കെ പറയുന്ന ക്രിസ്ത്യന്‍ കുടുംബം ആയിരിക്കും ജോണ് കാറ്റാടിയുടെത്. പെണ്‍കുട്ടിയുടെ കുടുംബം കൊച്ചി സിറ്റിയില്‍ താമസിക്കുന്ന കുടുംബം ആയിരിക്കും. വലിയ വിദ്യാഭ്യാസമില്ലാത്ത ഒരു പ്ലാന്റര്‍ കുടുംബം ജീവിതത്തില്‍ വരുന്ന സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് മോഡേണ്‍ സൊസൈറ്റിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരേക്കാള്‍ പക്വതയോടെ ആയിരിക്കും.”

”അതായിരുന്നു ഞാന്‍ ചെയ്യാനിരുന്ന ബ്രോ ഡാഡി. കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ലെങ്കില്‍ ഞാന്‍ മമ്മൂക്കയെ വെച്ച് വലിയ സിനിമയെ ആലോചിക്കൂ. ഒരിക്കലും അത് ബ്രോ ഡാഡി പോലൊരു സിനിമ ആയിരിക്കില്ല. ഇത് ഞാന്‍ മമ്മൂക്കയോട് പറഞ്ഞിട്ടുമുണ്ട്” എന്നാണ് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.