അന്ന് തലൈവര്‍ക്ക് സംഭവിച്ചത് എന്താണോ അതാണ് ഇത്.. ആ രംഗം രജനികാന്തിനെ കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങളില്‍ നിന്ന് രൂപപ്പെട്ടത്: പൃഥ്വിരാജ്

‘എമ്പുരാന്‍’ സിനിമയുടെ ട്രെയ്‌ലര്‍ ആഷോമാക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതിനിടെ ലൂസിഫര്‍ സിനിമ റീ റിലീസ് ചെയ്തിട്ടുമുണ്ട്. ലൂസിഫറിലെ ഒരു രംഗത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ പ്രധാന രംഗങ്ങളിലൊന്ന് രജനികാന്തിനെ കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങളില്‍ നിന്ന് രൂപപ്പെട്ടതാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്.

സ്റ്റീഫന്‍ നെടുമ്പള്ളി പികെ രാംദാസിന്റെ മൃതദേഹം പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേക്ക് പോകുന്നുണ്ട്. ഇതിനിടെ രാംദാസിന്റെ മകള്‍ പ്രിയദര്‍ശിനി സ്റ്റീഫന്റെ വരവിനെ എതിര്‍ക്കുന്നു. അവരുടെ ആഗ്രഹപ്രകാരം, ആക്ടിങ് മുഖ്യമന്ത്രി മഹേശ് വര്‍മ സ്റ്റീഫനെ തടയാന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കുന്നു.

തുടര്‍ന്ന് സ്റ്റീഫന്‍ കാറില്‍ നിന്ന് ഇറങ്ങി ബാക്കി ദൂരം നടന്ന് പോകുന്നത് കാണാം. ലൂസിഫറിലെ ഈ രംഗം ഒരുപാട് പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. ഈ രംഗമാണ് രജനികാന്തിനെ കുറിച്ച് വായിച്ചറിഞ്ഞതില്‍ നിന്ന് രൂപപ്പെട്ടത് എന്നാണ് പൃഥ്വിരാജ് പറയുന്നത്. പോയസ് ഗാര്‍ഡനിലേക്കുള്ള റോഡില്‍ എന്താണ് സംഭവിച്ചതെന്ന് വായിച്ചറിഞ്ഞ കാര്യമാണ് ഈ രംഗം എന്നാണ് പൃഥ്വിരാജ് പറയുന്നത്.

മുഖ്യമന്ത്രി ജയലളിതയുടെ വാഹനം കടന്നുപോകുന്നതിന് വഴിയൊരുക്കാന്‍ വേണ്ടി രജനികാന്തിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി എന്ന വാര്‍ത്തയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ രംഗം. കാര്‍ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരോട്, ഗതാഗതം പുനഃസ്ഥാപിക്കാന്‍ എത്ര സമയമെടുക്കുമെന്ന് രജനികാന്ത് ചോദിച്ചതായും, തന്നെ മനഃപൂര്‍വ്വം തടഞ്ഞതാണോ എന്നും സംശയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പിന്നീട് രജനി കാറില്‍ നിന്നിറങ്ങി നടക്കാന്‍ തുടങ്ങി എന്നാണ് വിവരം. സൂപ്പര്‍സ്റ്റാറിനെ കണ്ടപ്പോള്‍ വലിയ ജനക്കൂട്ടം പെട്ടെന്ന് തടിച്ചുകൂടി. ഇത് പൊലീസിന് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കി, തുടര്‍ന്ന് രജനികാന്തിന്റെ കാര്‍ കടന്ന് പോകാന്‍ അനുവദിച്ചതായി പറയപ്പെടുന്നു.

Read more